Connect with us

Crime

അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടേയും കുഞ്ഞിന്റേയും മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

Published

on

പാലക്കാട്: അട്ടപ്പാടിയിൽ ഭവാനി പുഴയോരത്ത് ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടേയും കുഞ്ഞിന്റേയും മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൃതദേഹങ്ങളിൽ അടിവസ്ത്രങ്ങൾ മാത്രമാണുണ്ടായിരുന്നത്. തലയറുത്ത നിലയിലുള്ള മൃതദേഹങ്ങൾ യന്ത്രങ്ങൾ ഉപയോഗിച്ച് മുറിച്ചുമാറ്റിയതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. മൃതദേഹ ഭാഗങ്ങൾ അഞ്ചുദിവസത്തോളം വെള്ളത്തിൽ കിടന്നതായി ഫോറൻസിക് പരിശോധനയിൽ സൂചന ലഭിച്ചിട്ടുണ്ട്.

ഇരുത്തി, കൈകാലുകൾ മടക്കി ഒരു ചാക്കിനുള്ളിലേയ്ക്ക് കയറ്റിയ നിലയിലായിരുന്നു മൃതദേഹം. ഇടുപ്പിന്റെ ഭാഗത്ത് മടക്കി കൈകാലുകൾ ചേർത്തുവച്ച് പ്ളാസ്റ്റിക്കിൽ പൊതിഞ്ഞശേഷമാണ് ചാക്കിൽ കയറ്റിയിട്ടുള്ളത്. ഇത് ഒറ്റയ്ക്ക് ഒരാൾക്ക് ചെയ്യാനാകില്ലെന്നും കൃത്യത്തിൽ ഒന്നിലേറെപ്പേർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു.ബിരിയാണി അരിയുടെ ചാക്കുകളിലായിരുന്നു മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. വയനാട് കോട്ടത്തറയിലെ കടയിലെ ചാക്കുകളാണിവയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്ന് സാധനം എത്തിച്ച ചാക്കുകളാണിത്. ഇവയിലെ എഴുത്തുകളിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്. മൃതദേഹങ്ങൾ ഇതര സംസ്ഥാനക്കാരുടേതാണെന്ന് സംശയമുണ്ട്. മറ്റെവിടെയെങ്കിലും കൊലപാതകം നടത്തിയതിനുശേഷം മൃതദേഹങ്ങൾ പുഴയിൽ ഒഴുക്കിവിട്ടതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം തമിഴ്‌നാട് അതിർത്തി മേഖലകളിലേയ്ക്കും വ്യാപിപ്പിച്ചിട്ടുണ്ട്

.ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ പുതൂർ പഞ്ചായത്തിലെ ചീരക്കടവ് ഭാഗത്തെ ഭവാനി പുഴയുടെ തീരത്താണ് മൂന്ന് ഭാഗങ്ങളിൽ നിന്ന് ചാക്ക് കെട്ടുകൾ കണ്ടത്തിയത്. പ്രദേശത്ത് പശുവിനെ മേയ്ക്കാനെത്തിയവരാണ് ഇവ കണ്ടത്. ദുർഗന്ധം വമിച്ചതോടെ ഒരു ചാക്ക് തുറന്നു പരിശോധിച്ചപ്പോഴാണ് മനുഷ്യ ശരീരഭാഗങ്ങളാണെന്ന് മനസിലായത്. ഉടനെ പുതൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Continue Reading