Connect with us

KERALA

എട്ടു ജീവൻ നഷ്ടപ്പെടാൻ കാരണമായത് ദേശീയപാത അധികൃതരുടെ അനാസ്ഥ

Published

on

എട്ടു ജീവൻ നഷ്ടപ്പെടാൻ ദേശീയപാത അധികൃതരുടെ അനാസ്ഥ

കയ്പമംഗലം: ദേശീയപാത 66-ൽ അധികൃതരുടെ അനാസ്ഥ കാരണമാണ് വീണ്ടും മനുഷ്യക്കുരുതി നടന്നത്. പനമ്പിക്കുന്ന് സെന്ററിൽനിന്ന് മൂന്നുപീടിക ബൈപാസ് തുടങ്ങുന്ന സ്ഥലംവരെ മാത്രമേ ഹൈവേയിലൂടെ വണ്ടികൾ പോകുകയുള്ളൂ. ഇവിടെനിന്ന് വാഹനങ്ങൾ സർവീസ് റോഡിലേക്കു മാറണം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഇവിടെ മുന്നറിയിപ്പുബോർഡുകൾ ഉൾപ്പെടെയുള്ള അറിയിപ്പുകളൊന്നുമില്ല. കോൺക്രീറ്റുപയോഗിച്ചുള്ള ചെറിയ ഭിത്തി സ്ഥാപിച്ച് ചെറുതായി തടസ്സമുണ്ടാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇതിലിടിച്ച് രണ്ടാഴ്ചമുൻപും അപകടമുണ്ടായിട്ടുണ്ട്. സൂചനാബോർഡുകളില്ലാത്തതുകാരണം ഭിത്തിയിൽ വന്നിടിച്ച കാറിലെ രണ്ടുപേർക്കാണ് അന്നു പരിക്കേറ്റത്. വെള്ളിയാഴ്ച അർധരാത്രിയിലെ ദുരന്തത്തിന് തൊട്ടുമുൻപായി മറ്റൊരു കാർ അപകടത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതായി നാട്ടുകാർ പറയുന്നു. ഈ കോൺക്രീറ്റ് ഭിത്തിക്കു പിറകിലായാണ് ലോറി നിർത്തിയിട്ടിരുന്നത്. ഗുരുവായൂരിൽനിന്ന് കൊടുങ്ങല്ലൂരിലേക്കുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന അതേദിശയിൽ പാർക്ക് ചെയ്ത ലോറി കാണാത്തതാകാം അപകടത്തിനുകാരണമെന്നു പറയുന്നു.

അനധികൃതമായി മൂന്നു ലോറികൾ അപകടസമയത്ത് ഇവിടെ പാർക്ക് ചെയ്തിരുന്നു. അപകടത്തിനു പിന്നാലെ ഇതിൽ രണ്ടു ലോറികളുമായി ഡ്രൈവർമാർ സ്ഥലംവിട്ടു.

കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ എട്ട് പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. കാറിന്റെ ഡ്രൈവറും ഡിണ്ടിഗൽ എൻജിനിയറിങ് കോളജിലെ 7 വിദ്യാർഥികളുമാണ് മരിച്ചത്.  വിശ്വം (സേലം), സൂര്യ (ഡിണ്ടിഗൽ), സന്തോഷ്( മധുര), പ്രസന്ന (മധുര), യുവസഞ്ജിത് (ഡിണ്ടിഗൽ) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തമിഴ്നാട് റജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലാണ് കാർ സഞ്ചരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

Continue Reading