Connect with us

KERALA

കാന്തപുരത്തിനെതിരെ രൂക്ഷവിമർശനവുമായി വനിതാ നേതാക്കൾ

Published

on

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ കൂടുതൽ വനിതാ നേതാക്കൾ രംഗത്ത് . മന്ത്രിയും കോൺഗ്രസ് നേതാവുമായ ബിന്ദു കൃഷ്ണ, സിപിഎം നേതാവ് പി.കെ. ശ്രീമതി എന്നിവരാണ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. കാന്തപുരത്തിന്റേത് അനുകരണീയമായ സമീപനമല്ലെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. സ്ത്രീസമൂഹത്തെ അടച്ചാക്ഷേപിക്കുന്ന പരാമർശമാണ് കാന്തപുരം നടത്തിയതെന്നായിരുന്നു ശ്രീമതിയുടെ പ്രതികരണം.

‘ലിംഗഭേദമന്യെ എല്ലാ മനുഷ്യരേയും സമന്മാരായി കാണുന്ന ലിംഗനീതിയുള്ള രാജ്യമാണ് ഇത്. നമുക്കൊരു ഇരുണ്ട കാലഘട്ടമുണ്ടായിരുന്നു. അതിൽനിന്ന് നിരന്തരമായ പോരാട്ടത്തിലൂടെയാണ് സ്ത്രീകൾ ഇന്ന് മുഖ്യധാരയിലേക്ക് എത്തിയത്. നമ്മുടെ പെൺകുട്ടികൾ എത്ര മിടുക്കികളും സമർഥകളുമായാണ് മത്സരപരീക്ഷകൾ വിജയിച്ച് അവരവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള മേഖലകളിൽ മുന്നോട്ടുവരുന്നു. മികച്ച ഭരണാധികാരികളായി സ്ത്രീകൾ കഴിവ് തെളിയിച്ച് മുന്നോട്ടുപോകുന്നു. നമ്മുടെ രാജ്യത്തിന്റെ പ്രഥമപൗര ദ്രൗപതി മുർമു വനിതയാണ്. ഇന്ദിരാ പ്രിയദർശിനി ദീർഘകാലം നയിച്ച നാടാണ്. തൊട്ടടുത്ത രാജ്യമായ പാകിസ്താനിൽ ബേനസീർ ഭൂട്ടോ എത്രയോ കാലം ഭരിച്ചു. ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയും ബീഗം ഖാലിദാ സിയയും ഭരിച്ചു. ഈ ലോകത്ത് പിറന്നുവീഴുന്ന ഓരോ കുഞ്ഞും പ്രപഞ്ചത്തിന്റെ എല്ലാ അനുഗ്രഹങ്ങളുടേയും നേരവകാശികളായാണ് പിറക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സമീപനങ്ങൾ അനുകരണീയമല്ല. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. അതിനെ ബഹുമാനിക്കുന്നു. പക്ഷേ നമ്മുടെ രാജ്യത്തെ സ്ത്രീകൾ ഭരണഘടനാപരമായി തുല്യ അവകാശമുള്ള വ്യക്തികളാണ്. പെൺകുട്ടികൾ ഇനിയും ഏറെ മുന്നോട്ടുവരേണ്ടതുണ്ട്. അതിന് സംസ്ഥാനസർക്കാർ പിന്തുണ നൽകും.’ -ബിന്ദു കൃഷ്ണ പറഞ്ഞു.

‘മലപ്പുറം ജില്ലയിലടക്കം കേരളത്തിൽ എല്ലായിടത്തും സ്‌കൂളുകളിൽ ഇസ്‌ലാം മതത്തിലെ ഉൾപ്പെടെ പെൺകുട്ടികൾ ഓണാഘോഷത്തിന്റെ ഭാഗമായി നൃത്തം ചെയ്യുകയും പാട്ടുപാടുകയുമെല്ലാം ചെയ്തു. അതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത് എന്നാണ് ഞാൻ മനസിലാക്കുന്നത്. സ്ത്രീസമൂഹത്തെയാകെ അടച്ചാക്ഷേപിക്കുന്ന പരാമർശമുണ്ടായാൽ അതിനെ എതിർക്കാതിരിക്കാൻ ഞാനടക്കമുള്ള സ്ത്രീകൾക്ക് കഴിയില്ല. പെണ്ണുങ്ങൾ അടുക്കളയിൽ അടങ്ങിയൊതുങ്ങി ജീവിക്കണം, സ്ത്രീകൾ പൊതുവേദികളിലെത്തുന്നത് വലിയ നാശം സമൂഹത്തിനുണ്ടാക്കും എന്നീ രണ്ട് കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞതായി കേട്ടത്. സ്ത്രീകളെ അങ്ങേയറ്റം തരംതാഴ്ത്തുന്ന പരാമർശമാണ്. സ്ത്രീകളെ നിരത്തിൽ കൊണ്ടുവന്ന് പ്രദർശിപ്പിക്കരുത് എന്നാണ് ആദ്യം അദ്ദേഹം പറഞ്ഞത്. സ്ത്രീ ഇന്ത്യയിലെ പൗരയല്ലേ എന്ന ഒറ്റക്കാര്യമാണ് ഇവരോട് ചോദിക്കാനുള്ളത്. അവരുടെ മൗലികാവകാശം ആർക്കെങ്കിലും മതത്തിന്റെ പേരിൽ നിഷേധിക്കാൻ കഴിയില്ല. അങ്ങനെ ചെയ്യുന്നത് ഭരണഘടനയോടുള്ള കൂറില്ലായ്മയാണ്. ഇന്ത്യയിലെ ആദ്യത്തെ വനിതാ ജസ്റ്റിസ് ഇസ്‌ലാം മതത്തിൽ നിന്നുള്ള ഫാത്തിമാ ബീവിയാണ്.’ -പി.കെ. ശ്രീമതി ചൂണ്ടിക്കാട്ടി

Continue Reading