KERALA
കടമെടുപ്പ് പരിധിയുടെയും റവന്യൂ കമ്മിയുടെയും പകുതിയോളം തൊട്ട് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിൽ തന്നെ കടമെടുപ്പ് പരിധിയുടെയും റവന്യൂ കമ്മിയുടെയും പകുതിയോളം തൊട്ട് സംസ്ഥാന സർക്കാർ. ഈ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഓണച്ചെലവുകൾക്ക് ശേഷം 1,800 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. കടപത്രങ്ങൾ വഴിയുള്ള ലേലം ചൊവ്വാഴ്ച ആർ.ബി.ഐയുടെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിൽ നടക്കും.
ഈ വർഷത്തെ ബജറ്റിൽ പൊതുവിപണിയിൽ നിന്നടക്കം സമാഹരിക്കാൻ ലക്ഷ്യമിട്ട 56,413.06 കോടി രൂപയുടെ 46.91 ശതമാനം തുകയും ആദ്യ നാല് മാസങ്ങളിൽ തന്നെ കേരളം കടമെടുത്തു കഴിഞ്ഞു. 26,461.75 കോടി രൂപയാണ് ഇതുവരെ സമാഹരിച്ചത്. ഇതിന് പുറമെയാണ് പുതിയ 1,800 കോടിയുടെ കടമെടുപ്പ്. ബജറ്റ് കണക്കാക്കിയ റവന്യൂ കമ്മിയുടെ പകുതിയോളവും ഈ ചുരുങ്ങിയ കാലയളവിൽ രേഖപ്പെടുത്തിക്കഴിഞ്ഞു.
ക്ഷേമപെൻഷനുകൾ, ബോണസ്, ഉത്സവബത്ത, വിപണി ഇടപെടലുകൾ എന്നിവയ്ക്കായി പതിനായിരം കോടിയോളം രൂപയാണ് ഓണക്കാലത്ത് ചെലവായത്. ഇതിനായി ഈ മാസം മാത്രം 2,200 കോടി രൂപ നേരത്തെ കടമെടുത്തിരുന്നു. ഓണവിപണി സജീവമാകുന്നതോടെ നികുതി വരുമാനം വർധിക്കുമെന്നും പണം ഖജനാവിലേക്ക് തിരിച്ചെത്തുമെന്നുമുള്ള കണക്കുകൂട്ടലിലാണ് സർക്കാർ പണം വിപണിയിലിറക്കിയത്.
