KERALA
ജെൻസി കാലഘട്ടത്തിൽ വിലപ്പോകാത്ത പഴയ മുദ്രാവാക്യങ്ങളാണ് സിപിഎം ഇപ്പോഴും മുഴക്കുന്നതെന്നു മന്ത്രി കെ മുരളീധരൻ
ജെൻസി കാലഘട്ടത്തിൽ വിലപ്പോകാത്ത പഴയ മുദ്രാവാക്യങ്ങളാണ് സിപിഎം ഇപ്പോഴും മുഴക്കുന്നതെന്നു മന്ത്രി കെ മുരളീധരൻ
തിരുവനന്തപുരം: ധനരാജ് വധക്കേസിലെ കോടതി വിധിക്കു പിന്നാലെ സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.എ. മധുസൂദനൻ നടത്തിയ കൊലവിളി പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ. മുരളീധരൻ. ഇത്തരം അക്രമരാഷ്ട്രീയവും കൊലവിളിയും കാരണമാണ് പയ്യന്നൂരിലെ സീറ്റ് പോലും സിപിഎമ്മിന് നഷ്ടമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജെൻസി കാലഘട്ടത്തിൽ വിലപ്പോകാത്ത പഴയ മുദ്രാവാക്യങ്ങളാണ് സിപിഎം ഇപ്പോഴും മുഴക്കുന്നതെന്നും മന്ത്രി പരിഹസിച്ചു.
കൊലവിളി പ്രസംഗങ്ങൾ സിപിഎമ്മിനെ കൂടുതൽ നാശത്തിലേക്ക് മാത്രമേ നയിക്കൂവെന്ന് മുരളീധരൻ വ്യക്തമാക്കി. ഇത്തരം ഭീഷണികൾ ഉയർത്തിയാൽ കൈയുംകെട്ടി നോക്കിയിരിക്കുന്ന സർക്കാരല്ല കേരളത്തിലുള്ളത്. നിയമവിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കും. ജഡ്ജിയെപ്പോലും ഭീഷണിപ്പെടുത്തുന്നത് പഴയകാലത്തെ തുരുമ്പിച്ച രീതിയാണ്. കോടതി വെറുതെ വിട്ടാലും ഞങ്ങൾ വെറുതെ വിടില്ലെന്ന സിപിഎമ്മിന്റെ കാലമൊക്കെ കഴിഞ്ഞെന്നും ആർക്കും ആരാച്ചാരുടെ ചുമതല നൽകിയിട്ടില്ലെന്നും മന്ത്രി തുറന്നടിച്ചു
യുഡിഎഫിനെ സംബന്ധിച്ച് ഏറ്റവും ദുഃഖമുണ്ടാക്കിയ വിധിയാണ് അരിയിൽ ഷുക്കൂർ വധക്കേസിലേതെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. എന്നാൽ നമ്മൾ ആഗ്രഹിക്കുന്നതുപോലെ എല്ലായ്പ്പോഴും കാര്യങ്ങൾ നടക്കണമെന്നില്ല. കോടതി വിധികൾ എതിരായാൽ ജഡ്ജിയെ അധിക്ഷേപിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമായ രീതി ഇനി കേരളത്തിൽ വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ടി.എ. മധുസൂദനന്റെ വിവാദ പ്രസംഗം. പാർട്ടിക്കെതിരെ അധിക്ഷേപം നടത്തുന്നവർക്ക് കണക്ക് പറയേണ്ടിവരുമെന്നും അതിന് പാർട്ടിക്ക് മടിയില്ലെന്നുമായിരുന്നു മധുസൂദനന്റെ മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ വിമർശിക്കുന്നവർക്ക് അതിനുള്ള മറുപടി ലഭിച്ചിട്ടുണ്ടാകുമെന്നും തെരുവിലിറങ്ങിയാൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു. ധനരാജ് വധക്കേസിലെ വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെയും മധുസൂദനൻ രൂക്ഷമായ വിമർശനങ്ങളും പരിഹാസവും ഉന്നയിച്ചിരുന്നു.
