KERALA
ചക്കക്കൊമ്പന് റേഡിയോ കോളർ ധരിപ്പിക്കാനുള്ള ദൗത്യം ആശങ്കയിൽ.മയക്കുവെടിയേറ്റതിന് പിന്നാലെ ജലാശയത്തിലേക്ക് ഇറങ്ങി
ഇടുക്കി: ചിന്നക്കനാലിൽ ഭീതി പടർത്തുന്ന കാട്ടാന ചക്കക്കൊമ്പന് റേഡിയോ കോളർ ധരിപ്പിക്കാനുള്ള ദൗത്യം ആശങ്കയിൽ. രാവിലെ മുതൽ നിരീക്ഷണത്തിലായിരുന്ന ചക്കക്കൊമ്പൻ മയക്കുവെടിയേറ്റതിന് പിന്നാലെ ജലാശയത്തിലേക്ക് ഇറങ്ങി. വെള്ളത്തിൽ ഇറങ്ങിയ ചക്കക്കൊമ്പൻ തുമ്പിക്കൈ ഉയർത്തിയാണ് നീന്തുന്നത്. വനം വകുപ്പ് സംഘം ബോട്ടിലെത്തി ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നിലവിൽ ആന ഗ്യാപ് റോഡ് ഭാഗത്തേക്കാണ് നീന്തുന്നത്. ഇതോടെ ദൗത്യം വീണ്ടും പ്രതിസന്ധിയിലായി. ഇന്ന് മൂന്നാം ദിവസമാണ് ചക്കക്കൊമ്പൻ ദൗത്യം തുടരുന്നത്.
രാവിലെ ആറുമണി മുതൽ ചക്കക്കൊമ്പനെ മയക്കു വെടി വച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം തുടങ്ങിയിരുന്നു. വയനാട്ടിൽ നിന്നും എത്തിച്ച വിക്രം, ഭാരത് എന്നീ രണ്ട് കുങ്കിയാനകളും 50 അംഗ വനംവകുപ്പ് സംഘവുമാണ് സ്ഥലത്ത് നിലയുറപ്പിച്ചത്. എന്നാൽ ചക്കക്കൊമ്പൻ അനുയോജ്യമായ സ്ഥലത്ത് എത്താതിരുന്നതിനാൽ ദൗത്യം വൈകി. അതിനിടെ, നാലേകാലോടെ മയക്കുവെടി വെച്ചതോടെ ആന ജലാശയത്തിലേക്ക് ഇറങ്ങുകയായിരുന്നു. അതേസമയം, ദൗത്യത്തിനു വേണ്ടി ചിന്നക്കനാൽ പഞ്ചായത്തിലെ ആറു വാർഡുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. അതേ സമയം റേഡിയോ കോളർ ഘടിപ്പിച്ച് ചിന്നക്കനാൽ തന്നെ വിടുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും തുടരുകയാണ്.
