Connect with us

KERALA

ഓണം മഴയിൽ കുതിരും : ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Published

on

തിരുവനന്തപുരം: മഴയിൽ നനഞ്ഞ് കുതിർന്ന് മലയാളികളുടെ ഓണക്കാലം. ഓണത്തിനു വേണ്ടിയുള്ള അവസാന ഒരുക്കങ്ങളിലേക്ക് കടക്കുന്ന ഇന്ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങിയ ആറ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മുന്നറിയിപ്പിന്‍റെ ഭാഗമായി ഇന്ന്  വൈകിട്ട് 04.00 നും 04.30 നും ഇടയിലായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ കവചം മുന്നറിയിപ്പ് സംവിധാനത്തിന്‍റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ടുണ്ട്.

തിരുവോണം നാളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത 3 മണിക്കൂറിൽ എറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading