Crime
ബഹ്‌റൈനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ആക്രമണം
ടെഹ്‌റാൻ: അമേരിക്കയുടെ സൈനികനീക്കത്തിന് തിരിച്ചടിയുമായി ബഹ്‌റൈനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ആക്രമണം നടത്തി ഇറാൻ. ഡ്രോൺ ആക്രമണമാണ് നടത്തിയത്. നേരത്തെ അമേരിക്ക ഇറാനിൽ ജനവാസ പ്രദേശങ്ങളിൽ നടത്തിയ ആക്രമണത്തിൽ മൂന്നുപേർ മരിച്ചിരുന്നു. ഇതിന് മറുപടിയായി നടത്തിയ ആക്രമണത്തിൽ 11 വയസുള്ള പെൺകുട്ടിയ്‌ക്ക് ഷെൽ അവശിഷ്‌ടങ്ങൾ വീണ് പരിക്കേറ്റതായി വിവരമുണ്ട്.
ബഹ്‌റൈന് പുറമേ കുവൈറ്റിലും അമേരിക്കയുടെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലെ പാലങ്ങളെയും മറ്റുമാണ് അമേരിക്ക നിലവിൽ ആക്രമണം നടത്തി തകർക്കുന്നത്. അമേരിക്കയ്‌ക്ക് നേരെ നടത്തിയ ആക്രമണം ഓപ്പറേഷൻ ലൈറ്റ്നിംഗ് എന്ന തങ്ങളുടെ പദ്ധതിയുടെ 11-ാം ഘട്ടമാണെന്ന് ഇറാൻ വ്യക്തമാക്കി. അറാഷ് ഡ്രോണുകൾ ഉപയോഗിച്ച് ബഹ്‌റൈനിലെ അമേരിക്കയുടെ സൈനിക കേന്ദ്രത്തിലെ മിലിട്ടറി ഹെലികോപ്റ്ററുകൾ അമേരിക്കയുടെ യുദ്ധാവശ്യത്തിനുള്ള പി8 വിമാനങ്ങൾ എന്നിവയാണ് തകർത്തതെന്ന് ഇറാൻ അവകാശപ്പെട്ടു. ഇതിന് മറുപടിയായി ഇറാന്റെ തെക്കൻ മേഖലയിലെ വൈദ്യുതി നിലയങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ അമേരിക്ക തകർത്തു. അതേസമയം ഇറാന്റെ ആക്രമണത്തെ തങ്ങൾ പ്രതിരോധിച്ചെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി.
