Connect with us

KERALA

പി എം ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേയ്ക്ക് അനധികൃത പ്രവേശനം : തുടരന്വേഷണം പ്രഖ്യാപിച്ച് എം ജി സർവകലാശാല

Published

on

കോട്ടയം: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേയ്ക്ക് അനധികൃത പ്രവേശനം നൽകിയതിൽ തുടരന്വേഷണം പ്രഖ്യാപിച്ച് എം ജി സർവകലാശാല സിൻഡിക്കേറ്റ്. മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിലാണ് ആർഷോയ്ക്ക് അനധികൃതമായി പ്രവേശനം നൽകിയത്.

മതിയായ അറ്റൻഡൻസ് ഇല്ലാതെയാണ് ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേയ്ക്ക് മുൻ പ്രിൻസിപ്പാൾ പ്രവേശനം നൽകിയത്. ഇക്കാര്യം മുൻ ഇടത് സിൻഡിക്കേറ്റിന് രജിസ്ട്രാർ റിപ്പോർട്ട് ചെയ്തിരുന്നു. സർവകലാശാലയ്ക്ക് തെറ്റായ വിശദീകരണം നൽകിയ മുൻ പ്രിൻസിപ്പാളിലെ മുൻ സിൻഡിക്കേറ്റ് താക്കീത് നൽകി കേസ് തീർപ്പാക്കുകയും ചെയ്തു. ഈ തീരുമാനം പുനഃപരിശോധിക്കാൻ കഴിഞ്ഞ വെള്ളിയാഴ്‌ച ചേർന്ന സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. പിന്നാലെ തുടരന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു.
സർവകലാശാലയ്ക്കുണ്ടായ മാനഹാനി കൂടി പരിഗണിച്ച് സമഗ്ര അന്വേഷണത്തിനും സിൻഡിക്കേറ്റ് ഉത്തരവിട്ടിരുന്നു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ.ആൽസൺ മാർട്ട്, ഡോ.ആതിര പ്രകാശ്, പ്രമോദ് ഗോപിനാഥ് എന്നിവരാണ് അന്വേഷണക്കമ്മിറ്റിയിലെ അംഗങ്ങൾ.

നേരത്തെ പരീക്ഷ എഴുതാതെ ആർഷോ പാസായതായി മഹാരാജാസ് കോളേജ് അധികൃതർ രേഖപ്പെടുത്തിയതും വൻ വിവാദമായിരുന്നു. ആർക്കിയോളജി ആൻഡ് മെറ്റീരിയൽ സ്റ്റഡീസിന്റെ 2022 ഡിസംബറിൽ നടന്ന മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മാർക്ക് പട്ടികയാണ് വിവാദത്തിലായത്. ആർഷോ ഡിഗ്രി മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയിരുന്നില്ല. പരീക്ഷാ ദിവസങ്ങളിൽ ജയിലിലായിരുന്നു. പട്ടികയിൽ മാർക്ക് പൂജ്യമാണെങ്കിലും സെമസ്റ്റർ റിസൾട്ടിൽ ‘പാസ്ഡ്’ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇത് വിവാദമായതോടെ കോളേജ് വെബ് സൈറ്റിൽ നിന്ന് റിസൾട്ട് പട്ടിക പിൻവലിച്ചു. പിന്നാലെ ആർഷോ തോറ്റെന്ന് രേഖപ്പെടുത്തി പുനഃപ്രസിദ്ധീകരിക്കുകയായിരുന്നു.

Continue Reading