KERALA
നാരങ്ങാനം ഗ്രാമപഞ്ചായത്തിന്റെ ഭരണം വീണു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഭരണം കോൺഗ്രസിന്റെ കൈകളിലെത്തി
പത്തനംതിട്ട: നറുക്കിന്റെ ഭാഗ്യത്തിൽ ബിജെപിക്ക് കിട്ടിയ നാരങ്ങാനം ഗ്രാമപഞ്ചായത്തിന്റെ ഭരണം ഒടുവിൽ വീണു. ഇന്ന് നടന്ന നാടകീയമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചുവപ്പ് കോട്ടയിൽ നിന്നൊരു വോട്ട് ചോർന്ന് നേരെ കോൺഗ്രസിന്റെ കൈകളിലെത്തി. എൽഡിഎഫിലെ ഷീജാമോൾ കൈ പൊക്കിയതോടെ 6+1=7 എന്ന മാന്ത്രിക സംഖ്യയിൽ യുഡിഎഫ് അധികാരം പിടിച്ചു.
നറുക്കെടുപ്പിന്റെ ഭാഗ്യത്തിൽ പ്രസിഡന്റ് കസേരയിൽ കയറിയ ബിജെപി അംഗം വി.ബി പ്രസാദിന്റെ കസേരയാണ് ഓഗസ്റ്റ് ആറിന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസക്കെണിയിൽ വീണത്. ബുധനാഴ്ച രാവിലെ തിരഞ്ഞെടുപ്പ് തുടങ്ങുമ്പോൾ എല്ലാവരും കരുതിയത് 6-6-2 എന്ന സമനിലയിൽ വീണ്ടും നറുക്കെടുപ്പ് വരുമെന്നായിരുന്നു. എൽഡിഎഫ് വിട്ടുനിൽക്കും, വീണ്ടും നറുക്ക് വരും, വീണ്ടും ഭാഗ്യപരീക്ഷണം. യുഡിഎഫ് ആറ്, എൻഡിഎ ആറ്, എൽഡിഎഫ് രണ്ട് എന്നാണ് സീറ്റ് നില. എന്നാൽ കണക്കുകൂട്ടലുകൾ തെറ്റി. ഹാളിന്റെ മൂലയിൽ ഇരുന്ന ഷീജാ മോൾ പതിയെ എഴുന്നേറ്റു. എൽഡിഎഫ് അംഗങ്ങളിൽ ഒരാൾ, തന്റെ പാർട്ടിയെ പോലും ഞെട്ടിച്ച് ത്രിവർണ്ണ കൊടിക്ക് ഒപ്പം കൈ പൊക്കി. ആ ഒറ്റ നിമിഷം ആറ് മാസം നീണ്ട ബിജെപി ഭരണത്തിന്റെ അവസാന നിമിഷം ഹാളിൽ നിശബ്ദത, പുറത്ത് ആരവം.
സിപിഎമ്മിന് ഇത് ഞെട്ടലാണ് ഉണ്ടാക്കിയത് . ഇത് പാർട്ടി തീരുമാനമല്ലെന്ന് സിപിഎം വ്യക്തമാക്കി. ‘പാർട്ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല ഷീജാമോൾ തീരുമാനം എടുത്തത്. സ്വന്തം താത്പര്യപ്രകാരമാണ് യുഡിഎഫിനെ പിന്തുണച്ചത്. നടപടി എടുക്കുന്ന കാര്യം പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കും’ – നാരങ്ങാനം സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒ.പി ഷിബു പറഞ്ഞു.
