Connect with us

KERALA

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിർണായക ഉത്തരവുമായി സുപ്രീം കോടതി

Published

on



ന്യൂഡൽഹി: റോഡരികിലെ കൃത്യമായി വേർതിരിച്ച നടപ്പാതകളിലൂടെ സുരക്ഷിതമായി നടക്കുക എന്നത് ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി. സുരക്ഷിതവും തടസരഹിതവുമായ നടപ്പാത ഉറപ്പാക്കണം. എല്ലാ റോഡുകളിലും നടപ്പാത നിർബന്ധമാക്കാനും കേന്ദ്രസർക്കാരിന് സുപ്രീംകോടതി നിർദേശം നൽകി.

മോട്ടോർ വാഹനങ്ങളേക്കാൾ റോഡുകളിൽ പ്രാഥമിക പരിഗണന നൽകേണ്ടത് കാൽനടയാത്രക്കാർക്കാണെന്നും കോടതി നിരീക്ഷിച്ചു. നടപ്പാതകൾ കയ്യേറ്റങ്ങളിൽ നിന്നും മുക്തവും ഭിന്നശേഷി സൗഹൃദപരവുമാക്കണം. നടപ്പാതയുടെ അഭാവം മൂലം കാൽനടയാത്രക്കാർ റോഡിലേക്ക് ഇറങ്ങുന്നത് ഗുരുതര അപകടസാധ്യത ഉണ്ടാക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

നടപ്പാതകൾ നിർമ്മിക്കുന്നതിനും പരിപാലിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നഗരസഭകൾക്കുമുള്ള നിയമപരമായ ഉത്തരവാദിത്തം നിശ്ചയിച്ചുകൊണ്ട് കേന്ദ്രസർക്കാർ പ്രത്യേക നിയമം നിർമ്മിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(d), ആർട്ടിക്കിൾ 21 എന്നിവയുടെ പരിധിയിൽ വരുന്നതാണ് നടക്കാനുള്ള അവകാശം എന്ന് കോടതി ചൂണ്ടിക്കാട്ടി.

റോഡുകളുണ്ടാകുമ്പോൾ അവിടെ കാൽനടയാത്രക്കാർക്കായി കൃത്യമായി വേർതിരിച്ചതും നന്നായി പരിപാലിക്കുന്നതുമായ നടപ്പാതകൾ ഉണ്ടായിരിക്കണം എന്നത് നഗരവികസന അതോറിറ്റികൾ, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ, പഞ്ചായത്തുകൾ എന്നിവരുടെ കടമയാണ്. നടക്കാനുള്ള മൗലികാവകാശം ലംഘിക്കപ്പെട്ടാൽ പൗരന്മാർക്ക് നഷ്ടപരിഹാരത്തിനായി ഭരണഘടനാപരവും നിയമപരവുമായ മാർഗ്ഗങ്ങൾ തേടാമെന്നും സുപ്രീംകോടതി ചുണ്ടിക്കാട്ടി

Continue Reading