Connect with us

KERALA

കൊച്ചിയിൽ അറ്റകുറ്റ പണിക്കിടെ കപ്പലിന് തീപിടിച്ചു.ജീവനക്കാർ ചാടി രക്ഷപ്പെട്ടു.

Published

on

കൊച്ചി: വൈപ്പിനിൽ സ്വകാര്യ ഷി‌പ്‌യാർഡിൽ അറ്റകുറ്റ പണിനടക്കവെ കപ്പലിന് തീപിടിച്ചു. വൈപ്പിൻ കാളമുക്കിലാണ് സംഭവം. സീ ബ്ളൂ എന്ന സ്വകാര്യ ഷിപ്‌യാർഡിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അറ്റകുറ്റ പണി ന‌ടത്തിവന്ന വിദേശ കപ്പലിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ നാലുമണിയോടെയാണ് കപ്പലിന്റെ എഞ്ചിൻ ഭാഗത്ത്നിന്നും തീയുംപുകയും ഉയർന്നത്.

തൊട്ടടുത്തുണ്ടായിരുന്ന മത്സ്യതൊഴിലാളികളാണ് സംഭവം ആദ്യം കണ്ടത്. ഇവർ അഗ്നിശമന സേനയെ ഉടൻ വിവരമറിയിച്ചു. ഏഴ് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണക്കാൻ ശ്രമം നടത്തി. തീ ഇപ്പോഴും പൂർണമായും അണഞ്ഞിട്ടില്ല. അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല.

തീപിടിക്കുന്ന സമയത്ത് കപ്പലിന്റെ മേൽതട്ടിൽ ജീവനക്കാർ അറ്റകുറ്റപണി നടത്തുന്നുണ്ടായിരുന്നു ഇവർ ചാടി രക്ഷപ്പെട്ടു. കപ്പൽ യാ‌ർഡിൽ തന്നെ കിടക്കുകയായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. നിമിഷനേരം കൊണ്ട് കപ്പലിന് മുകളിൽ വരെ തീപിടിച്ചു. അറ്റകുറ്റപണി നടത്തി കഴിഞ്ഞദിവസം ഈ കപ്പൽ പരീക്ഷണഓട്ടവും നടത്തിയിരുന്നു. ഇന്ധനം നിറച്ചിരുന്നോ എന്ന സംശയമുണ്ട്. കത്തിപ്പടരുന്നതിന് സഹായകമായ പെയിന്റടക്കം വസ്‌തുക്കളുടെ സാന്നിദ്ധ്യവും ഇതിലുണ്ട്. ശക്തമായ പുക ഉയർന്നതിനാൽ അഗ്നിരക്ഷാ സേനയ്‌ക്ക് കപ്പലിനുള്ളിലേക്ക് കയറാൻ പ്രയാസം അനുഭവപ്പെട്ടു.

സാധാരണയായി ധാരാളം ബോട്ടുകളും കപ്പലുകളും അറ്റകുറ്റപണിക്ക് എത്തുന്നയിടമാണിത്. എന്നാൽ സ്വകാര്യ ഷിപ്‌യാർ‌ഡിന് പഞ്ചായത്തിൽ നിന്നും ലൈസൻസില്ലെന്നും നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും നാട്ടുകാർ പറയുന്നു. മാത്രമല്ല സ്‌കൂളിന് തൊട്ടടുത്താണ് അപകടകരമായ ഈ കപ്പൽശാലയുടെ പ്രവർത്തനം. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സ്റ്റോപ് മെമോ ലംഘിച്ചാണ് പ്രവർത്തനമെന്നും ആരോപണമുണ്ട്.

Continue Reading