KERALA
ദുരിത പെയ്ത്ത് തുടരുന്നു : ജനങ്ങൾ ആശങ്കയിൽപമ്പാ നദിയിൽ വലിയ തോതിൽ ജലനിരപ്പ് ഉയരുന്നു
തിരുവനന്തപുരം: ഞായറാഴ്ച രാത്രിയും ഇന്നും പുലർച്ചെയും പെയ്ത ശക്തമായ മഴയിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ജലനിരപ്പ് ഉയരുകയാണ്. ഇതോടെ ജനം കടുത്ത ദുരിതത്തിലായി. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് സ്ഥിതി ഗുരുതരം. കോട്ടയം കിഴക്കൻ മലയോര മേഖലയിൽ രാത്രി ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. ഇതേത്തുടർന്ന് മീനച്ചിലാറിലെ ജലനിരപ്പ് ഉയർന്നു.
പാല – ഈരാറ്റുപേട്ട, പാല – ഏറ്റുമാനൂർ റോഡിൽ പലയിടത്തും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. പാല – ഈരാറ്റുപേട്ട റോഡിലെ പനയ്‌ക്കപ്പാലത്ത് സ്ഥിതി രൂക്ഷമാണ്. ഇവിടെ ചില ഭാഗങ്ങളിൽ മൂന്നടിയോളം വെള്ളം കയറിയിട്ടുണ്ടെന്നാണ് വിവരം. പമ്പാ നദിയിൽ വലിയ തോതിൽ ജലനിരപ്പ് ഉയരുകയാണ്. ശക്തമായ മഴ തുടരുന്നതോടെ ജനങ്ങൾ ഭീതിയിലാണ്. തിരുവല്ലയിൽ തിങ്കളാഴ്ച രാവിലെ മഴ ശക്തമായി. ഇതേത്തുടർന്ന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. തിരുവല്ലയിൽ നിന്നും മാവേലിക്കരയിലേക്കുള്ള റോഡിൽ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. ഇവിടെ നൂറുകണക്കിന് വീടുകളിലാണ് വെള്ളം കയറിയത്.
പരപ്പനങ്ങാടി – നാടുകാണി സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായും തടസപ്പെട്ടു. മണ്ണിടിഞ്ഞുവീണ ഭാഗത്ത് ആ സമയം വാഹനങ്ങളോ ആളുകളോ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ഇടുക്കി ജില്ലയിലെ മൂന്ന് പ്രധാന അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. മലങ്കര, കല്ലാർകുട്ടി, പാംബ്ല എന്നീ ഡാമുകളുടെ ഷട്ടറുകളാണ് നിലവിൽ തുറന്നിട്ടുള്ളത്.ആലപ്പുഴ പാണ്ടനാട് ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറി. നിലവിൽ ക്യാമ്പിൽ ഉള്ളവരെ ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ്. പത്തനംതിട്ട റാന്നിയിലെ സ്ഥിതിയും മോശമായി തുടരുകയാണ്. വടശ്ശേരിക്കരയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം മുഖ്യമന്ത്രി വി ഡി സതീശൻ വിളിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഓൺലൈനായാണ് യോഗം ചേരുന്നത്. ജില്ലാ കളക്ടർമാരും ആഭ്യന്തര – റവന്യു മന്ത്രിമാരും ചീഫ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കും. വിവിധ ജില്ലകളിലെ മഴക്കെടുതി, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം, മുൻകരുതൽ നടപടികൾ, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ യോഗം പ്രധാനമായും വിലയിരുത്തും.
