Connect with us

Crime

നാല് മാസത്തിനിടെ  22 വധശിക്ഷ; ജഡ്ജി രവികുമാറിന്റെ കോടതിയിൽനിന്ന് 100 കൊലക്കേസുകൾ തിരിച്ചുവിളിച്ചു

Published

on


ലക്നൗ: കൊലപാതക കേസുകളിലെ പ്രതികൾക്കു പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കുന്നതിലൂടെ വാർത്തകളിൽ ഇടം നേടിയ മുസാഫർനഗർ അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജിയായ രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ മാറ്റി. കഴിഞ്ഞ നാല് മാസത്തിനിടെ 10 കേസുകളിലായി 22 വധശിക്ഷകൾ വിധിച്ചാണ് അഡീഷനൽ ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജി രവികുമാർ ദിവാകറിന്റെ വിധികൾ ശ്രദ്ധേയമായത്. മേൽക്കോടതി അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെയാണ് കേസുകൾ മാറ്റിയത്. പരമാവധി ശിക്ഷയായി വധശിക്ഷയോ ജീവപര്യന്തമോ തടവു ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസുകളാണ് മാറ്റിയത്. ചൊവ്വാഴ്ച പുറപ്പെടുവിച്ച ഭരണപരമായ ഉത്തരവിലൂടെയാണ് ജില്ലാ സെഷൻസ് ജഡ്ജി വീരേന്ദ്ര കുമാർ സിങ് കേസുകൾ സ്വന്തം കോടതിയിലേക്കു തിരിച്ചുവിളിച്ചത്.

ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽ കൊലപാതക കേസുകൾക്കു പരമാവധി ശിക്ഷയായ വധശിക്ഷ നൽകുന്നതിൽ അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും ആശങ്ക പങ്കുവച്ചിരുന്നതായി ജില്ല ബാർ അസോസിയേഷൻ പ്രസിഡന്റ് പ്രമോദ് ത്യാഗി പറഞ്ഞു. മുസാഫർനഗറിൽ ചുമതലയേറ്റതിനുശേഷം നാലു മാസത്തിനിടെ 10 കേസുകളിലായി 22 കുറ്റവാളികൾക്കാണ് ജഡ്ജി രവികുമാർ ദിവാകർ വധശിക്ഷ വിധിച്ചത്. മുൻപ് ബറേലിയിലെ കോടതിയിൽ നിയമിതനായപ്പോൾ 13 വധശിക്ഷകളാണ് രവികുമാർ ദിവാകർ വിധിച്ചത്. ഇതുൾപ്പെടെ 35 പേർക്ക് നിലവിൽ രവികുമാർ ദിവാകർ വധശിക്ഷ വിധിച്ചിട്ടുണ്ട്.

മുസാഫർനഗറിൽ നിയമിതനായശേഷം ഏപ്രിൽ ആറിനാണ് രവികുമാർ ദിവാകർ ആദ്യ വധശിക്ഷ വിധിച്ചത്. അഭിഭാഷകന്റെ കൊലപാതകത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്ന് പ്രതികൾക്കാണ് വധശിക്ഷ വിധിച്ചത്. ഇതിനു പിന്നാലെ ഏപ്രിൽ 28 ന് മറ്റൊരു കൊലപാതക കേസിൽ ഒരേ കുടുംബത്തിലെ നാല് പേർക്കും വധശിക്ഷ വിധിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തിയ സ്ത്രീക്കും അവരുടെ മൂന്ന് ആൺമക്കൾക്കുമാണ് ശിക്ഷ വിധിച്ചത്.

തുടർന്നുള്ള മാസങ്ങളിൽ വിവിധ കുറ്റങ്ങളിൽ പ്രതികളായവർക്കും കടുത്ത ശിക്ഷയാണ് രവികുമാർ ദിവാകർ വിധിച്ചത്.  സെഷൻസ് കോടതി പുറപ്പെടുവിക്കുന്ന വധശിക്ഷകൾ ഹൈക്കോടതി അംഗീകരിച്ചാൽ മാത്രമേ നടപ്പിലാക്കാൻ കഴിയുകയുള്ളു. വാരണാസിയിൽ സിവിൽ ജഡ്ജിയായിരിക്കെയാണ് ജഡ്ജി രവികുമാർ ദിവാകർ ദേശീയ തലത്തിൽ വാർത്തകളിൽ ഇടം നേടിയത്. ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ സർവേ നടത്താൻ ഉത്തരവിട്ടതിലൂടെയായിരുന്നു ഇത്.

Continue Reading