Business
സിപിഎമ്മിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഹലാൽ ഫായിദ സഹകരണ സംഘം പൊളിഞ്ഞതായി ആരോപണം
കണ്ണൂർ: സിപിഎമ്മിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഇസ്‌ലാമിക് ബാങ്കിങ് സംരംഭമായ ഹലാൽ ഫായിദ സഹകരണ സംഘം പൊളിഞ്ഞതായി ആരോപണം. പലിശരഹിത ബാങ്കിങ്ങിനായി ആരംഭിച്ച ഹലാൽ ഫായിദയിൽ നിക്ഷേപിച്ച പണം തിരിച്ചുകിട്ടിയില്ലെന്ന പരാതിയുമായി നിക്ഷേപകർ രംഗത്തെത്തി. മയ്യിൽ സ്വദേശിയായ കെ.പി. നാസറാണ് തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദന് ഇത് സംബന്ധിച്ച് പരാതി നൽകിയത്. തുടർന്ന് ടി.കെ. ഗോവിന്ദൻ എം എൽ എ , നാസറിന്റെ പരാതി മുഖ്യമന്ത്രിക്ക് കൈമാറി. ഇതോടെയാണ് ഹലാൽ ഫായിദ തട്ടിപ്പ് പുറംലോകമറിയുന്നത്.
ലക്ഷക്കണക്കിന് രൂപയാണ് ഹലാൽ ഫായിദ, നിക്ഷേപകരിൽ നിന്ന് സമാഹരിച്ചത്. എന്നാൽ 2017-ൽ തുടങ്ങിയശേഷം പിന്നീട് ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഒരു വിവരവും പുറത്തുവന്നില്ലെന്ന് നാസർ പറഞ്ഞു. എത്രപേരിൽ നിന്ന് പണം പിരിച്ചു, ഈ പണം എങ്ങോട്ടാണ് പോയത്, എന്തിനൊക്കെയാണ് വിനിയോഗിച്ചത് എന്നീ കാര്യങ്ങളിലെല്ലാം ദുരൂഹത നിലനിൽക്കുന്നുണ്ട്. ഹലാൽ ഫായിദയുടെ വരവ്-ചെലവ് കണക്കുകൾ ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്നും നാസർ പറയുന്നു.
ഒരുലക്ഷം രൂപയുടെ ഓഹരിയാണ് ഹലാൽ ഫായിദയിൽ തനിക്കുണ്ടായിരുന്നതെന്ന് നാസർ പറയുന്നു. സിപിഎം ജില്ലാകമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ പ്രസിഡന്റുമായിരുന്ന എം. ഷാജറാണ് ഇതിന്റെ പ്രൊമോട്ടർ. ഷാജറിനെ പലതവണ ഫോൺ വിളിച്ചിട്ടും ഫോണെടുക്കുന്നില്ലെന്ന് നാസർ പറയുന്നു. ഹലാൽ ഫായിദ സഹകരണ സംഘത്തിന്റെ കണ്ണൂരിലെ ഓഫീസ് ഇപ്പോൾ പൂട്ടിയിട്ട നിലയിലാണ്.
എന്നാൽ പരാതി വാർത്തയായതിന് പിന്നാലെ നാസറിന് പണം തിരികെ നൽകി. സുഹൃത്ത് മുഖേനെയാണ് ഒരുലക്ഷം രൂപ നൽകിയത്. ഇതോടെ പരാതിയുമായി മുന്നോട്ടുപോകാനില്ലെന്ന് നാസർ വ്യക്തമാക്കി.
2017 ഡിസംബർ 24-ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഹലാൽ ഫായിദ സഹകരണ സംഘം ഉദ്ഘാടനം ചെയ്തത്. നിക്ഷേപകരുടെ പണം വിവിധ പദ്ധതികളിൽ നിക്ഷേപിച്ച് ഇതിൽ നിന്നുള്ള ലാഭം ഡിവിഡന്റായി നിക്ഷേപകർക്ക് നൽകുന്ന തരത്തിലായിരുന്നു ഹലാൽ ഫായിദ എന്ന സ്ഥാപനം ആരംഭിച്ചത്
