Crime
അർജുൻ ആയങ്കിക്കെതിരേ മറ്റൊരു കേസ് കൂടി : മുഖ‍്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ചെയ്തതിന്
തിരുവനന്തപുരം: ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മുഖ‍്യമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിച്ചതിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരേ പൊലീസ് കേസെടുത്തു. കണ്ണൂർ സൈബർ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മുഖ‍്യമന്ത്രിയെ നുണയൻ, കോമാളി എന്നെല്ലാം ഇയാൾ ഫെയ്സ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. ഇതാണ് കേസെടുക്കാൻ കാരണമെന്നാണ് വിവരം. നിലവിൽ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിക്കു വേണ്ടി വ‍്യാപക തെരച്ചിൽ നടക്കുന്നുണ്ട്. ഇയാൾ സംസ്ഥാനം വിട്ടിട്ടുണ്ടാകുമെന്ന സംശയത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം ഊന്നുകൽ സിഐക്കെതിരേ വെല്ലുവിളിയുമായി ഇയാൾ രംഗത്തെത്തിയിരുന്നു.
ഡിവൈഎഫ്‌ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അർജുൻ പാർട്ടിക്കു വേണ്ടി വിവിധ കേസുകളിൽ പ്രതിയായിരുന്നു. പിന്നീട് ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്ഐയിൽ നിന്നും പുറത്താക്കി. സോഷ്യൽ മീഡിയയിൽ സജീവമായ അർജുൻ ആയങ്കി സിപിഎമ്മിനെ പിന്തുണച്ചുകൊണ്ടുള്ള കുറിപ്പുകളും മറ്റും പങ്കുവെക്കാറുണ്ട്.
