Crime
ആയങ്കിയേയും ഗുണ്ടകളെയും പൂട്ടാൻ ഓപ്പറേഷൻ ഗ്രിപ്പുമായി പോലീസ്
തിരുവനന്തപുരം: അർജുൻ ആയങ്കിയേയും ഗുണ്ടകളെയും പൂട്ടാൻ ഓപ്പറേഷൻ ഗ്രിപ്പുമായി ആഭ്യന്തരവകുപ്പ്. സംസ്ഥാനത്ത് 48 മണിക്കൂർ ഗുണ്ടാവേട്ടയ്ക്ക് തുടക്കമായി. എ.ഡി.ജി.പി. പി വിജയന്റെ നേതൃത്വത്തിലാണ് പുതിയ ഓപ്പറേഷൻ.
അർജുൻ ആയങ്കിയെപ്പോലെ സമൂഹമാധ്യമങ്ങളിൽ സർക്കാരിനെ വെല്ലുവിളിക്കുന്ന ഗുണ്ടകളെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനാണ് ഇന്ന് രാവിലെ തുടക്കമിട്ടിരിക്കുന്നത്. ഇതിനായി കേരള പോലീസിന്റെ സൈബർ പട്രോളിങ്ങും ആരോപിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ഗുണ്ടാനേതാക്കളെ വീരാരാധനയോടെ പ്രകീർത്തിക്കുന്നവരും നിരീക്ഷണത്തിലുണ്ട്.
ആയങ്കിയുടെ അണികളായ ആറ് പേരെ തിരുവനന്തപുരത്ത് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അർജുൻ ആയങ്കി കൊച്ചിയിലുണ്ടെന്ന സൂചനകളും ഇതിനിടെ പുറത്തുവരുന്നുണ്ട്. നിയമസഹായത്തിനായാണ് കൊച്ചിൽ തങ്ങുന്നതെന്ന സൂചനകളെ തുടർന്ന് എറണാകുളം ജില്ലയിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. അർജുൻ ആയങ്കിയും സംഘവും എടപ്പാളിൽ എത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാനുള്ള സൗകര്യമൊരുക്കിയെന്ന കേസിലാണ് അറസ്റ്റ്.
