KERALA
ലോകകേരള സഭ പിരിച്ചുവിടും: പകരം ബദൽ സംവിധാനം കൊണ്ടുവരുമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ലോകകേരള സഭ പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ച വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതിന് പകരം ബദൽ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം ധനസഹായം നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.
ഹെലികോപ്റ്റർ യാത്രാ വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സ്വകാര്യ വ്യക്തികളുടെ വിമാനങ്ങൾ ഉപയോഗിക്കുന്നത് പതിവാണെന്നും സർക്കാരിന് ഒരു രൂപ പോലും ചെലവായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, യാത്രയുടെ സ്പോൺസർ ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
നേരത്തെയും കേരളത്തിലെ മുഖ്യമന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാരും സമാന രീതിയിൽ ഹെലികോപ്റ്റർ യാത്ര ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരത്തിൽ യാത്രകൾ നടത്തിയിട്ടുണ്ടെന്ന് കരുതി വാഹന ഉടമകളുടെ പേര് വെളിപ്പെടുത്തണമെന്ന് നിർബന്ധമില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു.
സംസ്ഥാനത്തെ വയോജന ക്ഷേമ വകുപ്പിന്റെ പേര് മാറ്റി ‘മുതിർന്ന പൗരന്മാർക്കുള്ള വകുപ്പ്’ എന്ന് പുനർനാമകരണം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കൂടാതെ, റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രത്യേക റോഡ് സേഫ്റ്റി പദ്ധതി നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു
