Connect with us

KERALA

പിണറായിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തെ പാർട്ടി സർവ്വ ശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്ന് ഇപി ജയരാജൻ

Published

on

തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തെ പാർട്ടി സർവ്വ ശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്ന് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തീച്ചൂളയിലൂടെ ഉയർന്നുവന്ന നേതാവും കമ്മ്യൂണിസ്റ്റ് പോരാളിയുമാണെന്നും ഏതെങ്കിലുമൊരു കടലാസിൽ പേരെഴുതി കൊടുത്തുവന്ന നേതാവല്ലെന്നും അദ്ദേഹം പറഞ്ഞു. അഴീക്കോട് രാഘവൻ ദിനത്തിൽ എകെജി സെന്ററിൽ സംസാരിക്കുകയായിരുന്നു ഇപി ജയരാജൻ.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടായി എന്ന് കരുതി സിപിഎമ്മിനെ തകർത്തുകളയാമെന്ന് ആരും മോഹിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. താൽക്കാലിക പരാജയങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ മറുപടി നൽകുമെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇത്തരം പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തിൽ സിപിഎമ്മിനെ തകർക്കാമെന്നാണ് കരുതുന്നതെന്നും പാർട്ടി അത് കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാർട്ടിയുടെ കരുത്തും ശക്തിയുമാണ് പിണറായി വിജയൻ. അദ്ദേഹത്തെ എത്ര കാലമായാണ് ലക്ഷ്യംവയ്ക്കുന്നത്. അദ്ദേഹത്തിനെ ലക്ഷ്യമിട്ടുവച്ച വെടി എനിയ്ക്ക് കൊണ്ടതുകൊണ്ടാണ് പിണറായി രക്ഷപ്പെട്ടത്. അതുകൊണ്ടൊന്നും തകർക്കാൻ പറ്റാതെ വന്നപ്പോൾ കുടുംബത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്നും ഇപി ജയരാജൻ ആരോപിച്ചു. ഇത്തരം നീക്കങ്ങളെ പാർട്ടി ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading