Connect with us

Crime

ആന്റോയ്‌ക്കെതിരേ കേസുകളുടെ പരമ്പര; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Published

on

തിരുവനന്തപുരം: റിപ്പോർട്ടർ ടി.വി എം.ഡി ആൻ്റോ അഗസ്റ്റിനെതിരെ കേസുകളുടെ പരമ്പരകൾ.കയേറ്റംമുതൽ മരംമുറിയും സാമ്പത്തികത്തട്ടിപ്പും വരെയുള്ള പരാതികൾ. 2005 മുതൽ 2021 വരെ പതിനഞ്ചോളം കേസുകളുള്ളപ്പോഴാണ് ഫുട്ബോൾതാരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാൻ ആന്റോ അഗസ്റ്റിനെ മുൻസർക്കാർ ചുമതലപ്പെടുത്തിയത് എന്നാണ് ഏറെ വിചിത്രം

അതിലേറെ വിചിത്രമാണ് ആന്റോ അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയിലെ പോലീസ് റെയ്ഡിനെതിരേ പ്രതിപക്ഷനേതാവും സി.പി.എം. നേതാക്കളും രംഗത്തിറങ്ങിയതും ആന്റോയെ പിന്തുണയ്ക്കാൻ മത്സരിക്കുന്നതും.
മുട്ടിൽ മരംമുറിയാണ് കേസുകളിൽ പ്രധാനം. സഹോദരങ്ങളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൽ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവർചേർന്ന് അറുപതോളം കർഷകരെ ചതിച്ച് സർക്കാർ ഭൂമിയിലെ അഞ്ഞൂറിലധികം വർഷം പഴക്കമുള്ള നാലുകോടിയോളം രൂപ വിലവരുന്ന 112 ഈട്ടിമരങ്ങൾ മുറിച്ചു കടത്തിയെന്നാണ് മീനങ്ങാടി പോലീസ് സ്റ്റേഷനിലെ കേസ്.

ഏഷ്യൻ സൂര്യ ഉദ്യോഗ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിൽ വ്യാജ പ്രോജക്ട് റിപ്പോർട്ടുകൾ സഹിതം വായ്പയ്ക്ക് ദേശസാത്കൃത ബാങ്കിൽ അപേക്ഷിച്ച് വ്യാജ മാർജിൻമണി നൽകിയതായി രേഖയുണ്ടാക്കി 66 ലക്ഷം രൂപ വാങ്ങി തിരിച്ചടച്ചില്ലെന്നാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിലെ മറ്റൊരു പരാതി.

നികുതി വെട്ടിച്ചതിന് വാണിജ്യനികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത ചരക്കുലോറി വിട്ടുകിട്ടാത്തതിന് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ, കർണാടകയിലെ ഭൂമിയിടപാടിൽ അഡ്വാൻസ് തുകയായ ഒന്നരക്കോടിരൂപ തിരികെ നൽകാതിരിക്കൽ, എം ഫോൺ ഇലക്ട്രോണിക്‌സിലെ ജീവനക്കാരിയെ അസഭ്യംപറഞ്ഞ് ദേഹോപദ്രവം ഏല്പിക്കൽ, ലോറി നൽകാമെന്നു പറഞ്ഞ് പണം വാങ്ങി വാഹനം നൽകുകയോ പണം തിരികെ നൽകാതിരിക്കുകയോ ചെയ്യൽ എന്നിവയ്ക്കും കേസുകളുണ്ട്.

2005-ൽ കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ അസഭ്യം പറഞ്ഞതിന് മീനങ്ങാടി പോലീസ് സ്റ്റേഷനിൽ കേസുണ്ട്. എൽ.സി.ഡി. പ്രോജക്ടർ ഇടപാടിൽ കരാർവെക്കണമെന്നു പറഞ്ഞതിന് ഒരാളെ മർദിച്ചതിനും ഇവിടെ കേസുണ്ട്.

റവന്യൂ റിക്കവറിക്കുപോയ ഡെപ്യൂട്ടി തഹസിൽദാറെയും വനിതാ വില്ലേജ് ഓഫീസറടക്കമുള്ള ഉദ്യോഗസ്ഥരെയും മർദിച്ചു, തടയാൻ ശ്രമിച്ച വനിതാ പോലീസുകാരെ കൈയേറ്റംചെയ്തു, ജപ്തിനടപടികളിൽ സഹായിച്ചതിന് പ്രദേശവാസിയെ ജീപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചു, കോടതി ആമീനെയും പ്രോസസറെയും കൈയേറ്റംചെയ്തു തുടങ്ങിയവയാണ് മറ്റു കേസുകൾ.

അതിനിടെ മദ്യശേഖരം കണ്ടെത്തിയ സംഭവത്തിൽ റിമാൻ്റിലായ പ്രതിയുടെ ജാമ്യാപേക്ഷ കൽപ്പറ്റ കോടതി ഇന്ന് പരിഗണിക്കും എന്നാൽ പ്രതിയുടെ പേരിലുള്ള ക്രിമിനൽ കേസുകൾ ഉയർത്തിക്കാട്ടി പ്രൊസിക്യൂഷൻ ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കും . അബ്‌കാരി കേസ്  അന്വേഷിക്കാൻ വയനാട് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ആർ.എൻ. ബൈജുവിന്റെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണസംഘത്തെ (എസ്.ഐ.ടി.) നിയോഗിച്ചിരുന്നു

Continue Reading