Connect with us

Entertainment

ഞാൻ സംഘിയോ കമ്മ്യൂണിസ്റ്റോ അല്ല’; ആരോപണങ്ങൾക്ക് മറുപടിയുമായി ശ്വേത

Published

on

കൊച്ചി: താരസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ചതിനുപിന്നാലെ സംഘടനയ്‌ക്കുള്ളിൽ താൻ നേരിട്ട പ്രശ്‌നങ്ങൾ തുറന്നെഴുതി നടി ശ്വേതാ മേനോൻ. തനിക്കെതിരെ ചിലർ വ്യാജപ്രചരണങ്ങളും വ്യക്തിഹത്യയും നടത്തിയെന്നും ഒരു പാവയാകാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് രാജിവച്ചതെന്നും സോഷ്യൽ മീഡിയയിൽ ആവർത്തിച്ചു.അമ്മയുടെ വരവ്ചെലവ് കണക്കുകളിൽ ആകെ കള്ളക്കളിയാണെന്നും കഴിഞ്ഞ രണ്ട് ഭരണസമിതികളുടെയും കണക്കുകൾ സമഗ്രമായി പരിശോധിക്കണമെന്നും താരം ആവശ്യപ്പെടുന്നു. തനിക്കെതിരെയുണ്ടായ രാഷ്‌ട്രീയ ആരോപണങ്ങൾക്കെതിരെയും ശ്വേത മേനോൻ മറുപടി നൽകുന്നുണ്ട്.’എനിക്കൊപ്പം നിന്ന എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. പക്ഷേ, എന്റെ വാക്കുകൾ പൊതുജനങ്ങളിലേക്ക് എത്തിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ആരുടെയും കളിപ്പാവയാകാൻ താൽപര്യമില്ലാത്തതിനാലാണ് ഞാൻ രാജിവച്ചത്. അമ്മയുടെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ നന്ദകുമാർ, മാർട്ടിൻ മേനാച്ചേരി പോലുള്ളവരെ മുന്നിൽ നിർത്തി എനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തി.ഇതെല്ലാം മറികടന്ന്‌ അമ്മയിലെ ഭൂരിഭാഗം അംഗങ്ങളുടെയും പിന്തുണയോടെയാണ് ഞാൻ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. കഴിവിന്റെ പരമാവധി ഞാൻ എല്ലാകാര്യങ്ങളും ചെയ്‌തിട്ടുണ്ടെന്ന് അവർക്ക് ഉറപ്പ് നൽകാൻ എനിക്ക് കഴിയും. നിർഭാഗ്യവശാൽ, ചില സ്വാർത്ഥ താൽപര്യക്കാർ കമ്മിറ്റിയിലെ ചില മുൻ അംഗങ്ങളുടെ തെറ്റുകളെക്കുറിച്ച് അന്വേഷിക്കാനുള്ള അവസരം ഞങ്ങൾക്ക് നൽകിയില്ല. ഞങ്ങളുടേത് ഉൾപ്പെടെ കഴിഞ്ഞ രണ്ട് കാലാവധികളിലെയും അക്കൗണ്ടുകൾ സമഗ്രമായി അവലോകനം ചെയ്യണം. പൂർണ്ണ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ ഒരു ഫോറൻസിക് ഓഡിറ്റിംഗ് കമ്മിറ്റി നിയോഗിക്കണം.എന്റെ രാജിക്ക് ശേഷംപോലും പുതുതായി ഇറക്കുമതി ചെയ്ത ചില കഥാപാത്രങ്ങളിലൂടെ വീണ്ടും ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും വ്യക്തിഹത്യാ ശ്രമങ്ങളും തുടരുകയാണ്. അതുകൊണ്ട് ഒരു കാര്യം വളരെ വ്യക്തമായി പറയാം. ഞാൻ ഒരു സംഘിയോ കമ്മ്യൂണിസ്റ്റോ അല്ല. എനിക്ക് ക്ഷണങ്ങൾ ലഭിച്ചിട്ടുകൂടി ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരോ മുൻ എൽഡിഎഫ് നയിക്കുന്ന സംസ്ഥാന സർക്കാരുകളോ സംഘടിപ്പിച്ച ഒരു ചടങ്ങിൽ പോലും ഞാൻ പങ്കെടുത്തിട്ടില്ല. മറ്റെല്ലാവരും ഇത്തരം ക്ഷണങ്ങൾക്കായി പിന്നാലെ പോയപ്പോൾ ഞാൻ വിട്ടുനിന്നു.യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടർച്ചയായി നേരിട്ടപ്പോൾ, നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയിൽ അമ്മയിൽ നിന്നും രാജിവയ്‌ക്കാനാണ് ഞാൻ തീരുമാനിച്ചത്. എന്റെ ബലഹീനതുകൊണ്ടല്ല, മറിച്ച് ആത്മാഭിമാനം ഉള്ളതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്’- ശ്വേതാ മേനോൻ ഫേസ്‌ബുക്കിൽ കുറിച്ചു.

Continue Reading