Education
നീറ്റ് – യുജിയിൽ അടിമുടിമാറ്റം വരുത്താൻ സർക്കാർ : പരീക്ഷ പേപ്പർ – പെൻ രീതിയിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക്
ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് – യുജിയിൽ അടിമുടിമാറ്റം വരുത്താൻ കേന്ദ്ര സർക്കാർ. ജെഇഇ (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) മാതൃകയിൽ നീറ്റ് – യുജി രണ്ട് ഘട്ടങ്ങളായി നടത്താൻ അധികൃതർ ആലോചിക്കുന്നതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ചോദ്യപേപ്പർ ചോർച്ച തടയാൻ എൻടിഎയുടെ പരീക്ഷാ രീതികളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ഹർജികൾ പരിഗണിക്കവെ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം സർക്കാർ അറിയിച്ചത്.
നീറ്റ് പരീക്ഷ പേപ്പർ – പെൻ രീതിയിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ആലോചന നടക്കുന്നുണ്ട്. ജെഇഇ മാതൃകയിൽ ഒറ്റ ഘട്ടമായോ അല്ലെങ്കിൽ രണ്ട് ഘട്ടങ്ങളായോ ഇത് നടത്തണമെന്ന കാര്യമാണ് പരിഗണനയിലുള്ളതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഉന്നതതല സമിതിയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും ഇതിൽ അന്തിമ തീരുമാനം എടുക്കുകയെന്നും സർക്കാർ പറഞ്ഞു.
സാങ്കേതിക വിദ്യ, സ്‌പേസ്, ഇന്റലിജൻസ്, വിദ്യാഭ്യാസം, പൊതുഭരണം തുടങ്ങിയ മേഖലകളിലെ വിദഗ്ധരാണ് ഈ ഉന്നതതല സമിതിയിൽ ഉള്ളത്. പരീക്ഷയുടെ സുരക്ഷ, സാങ്കേതികവശങ്ങൾ, എല്ലാവർക്കും ഒരുപോലെയുള്ള നീതി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ചെല്ലാം ഈ സമിതി സമഗ്രമായി പരിശോധിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. എൻടിഎ നടത്തുന്ന പ്രധാനപ്പെട്ട എട്ടിൽ ഏഴ് പരീക്ഷകളും ഇപ്പോൾ മൾട്ടി – സെഷൻ, മൾട്ടി – ഡേ ഷെഡ്യൂളിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകളാക്കി മാറ്റിയിട്ടുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാണിച്ചു.
