Education
ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും യുവാക്കളും നടത്തുന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്ത് വിവിധ മത്സരപരീക്ഷകളിലെ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും യുവാക്കളും നടത്തുന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്ന ഉറപ്പുനൽകുന്നവെന്നാണ് നരേന്ദ്ര മോദി പ്രതികരിച്ചത്. ചോദ്യപേപ്പർ ചോർച്ച കേസുകൾ അതിവേഗം തീർപ്പാക്കുന്നതിന് രാജ്യത്ത് ഫാസ്റ്റ്ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
യുവജനക്ഷേമവുമായി ബന്ധപ്പെട്ട ദേശീയ സമ്മേളനത്തിൽ സംസാരിക്കവെയാണ് മോദിയുടെ പ്രഖ്യാപനം.വിദ്യാർത്ഥികളുടെ ഭാവിയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്നും അത് തകർക്കാൻ ശ്രമിക്കുന്നവർക്ക് കർശനമായ നിയമനടപടി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
ഫാസ്റ്റ്ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതിലൂടെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ സന്ദേശം ഇതിലൂടെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥി പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പരീക്ഷാ സംവിധാനത്തിൽ സുതാര്യത ഉറപ്പാക്കുക, വിദ്യാർത്ഥികളുടെ വിശ്വാസം വീണ്ടെടുക്കുക, എന്നിവയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
