Crime
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് തിരിച്ചടി. സിപിഎം നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് പിഎംഎൽഎ കോടതി. കെ.രാധാകൃഷ്ണന്‍ എംപി, എ. സി മൊയ്തീന്‍ എംഎൽഎ അടക്കമുള്ള പ്രതികള്‍ ജൂലൈ 4 ന് ഹാജരാകണം. 28 പ്രതികൾക്കും കോടതി സമൻസ് അയച്ചു. കേസില്‍ സിപിഎമ്മും പ്രതി. കുറ്റം നിലനില്‍ക്കില്ലെന്ന പ്രതികളുടെ വാദം കോടതി തള്ളി.
ക്രമരഹിതമായി വായ്പ അനുവദിച്ചു, ഒരേ ഈടില്‍ വ്യത്യസ്ത വായ്പകള്‍ അനുവദിച്ചു, കള്ളപ്പണം വെളുപ്പിച്ചു തുടങ്ങിയവയാണ് കുറ്റങ്ങള്‍. കരുവന്നൂർ ബാങ്കിൽ നടന്നത് 100 കോടിയുടെ തട്ടിപ്പാണെന്ന രീതിയിലാണ് ക്രൈംബ്രാഞ്ച് കേസന്വേഷിച്ചത്. പ്രതികളെയെല്ലാം അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഓരോ പ്രതിയുടേയും പേരിൽ 17 കേസുകളാണുള്ളത്.
കേസന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 324 കോടിയുടെ കള്ളപ്പണ ഇടപാട് എന്നാണ് കണ്ടെത്തിയത്. 83 പേരെ ഇഡി പ്രതി ചേർത്തു. ഇതിൽ സിപിഎം പാർട്ടിയും പ്രതിയാണ്. ക്രൈംബ്രാഞ്ച് പ്രതിചേർത്ത 31 പേരിൽ 13 പേരെ മാത്രമാണ് ഇഡി പ്രതികളാക്കിയത്.
പ്രതിപ്പട്ടികയിലുള്ള സിപിഎമ്മിന്റെ സ്വത്തടക്കം 53 പേരുടെ 128 കോടി വിലവരുന്ന വസ്തുക്കൾ ഇഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു.
