Education
കണ്ടത് വെറും ട്രെയിലർ മാത്രം : ദശലക്ഷക്കണക്കിന് പ്രതിഷേധക്കാർ ഡൽഹിയിലേക്ക് എത്തുമെന്നു സി ജെ പി
ന്യൂഡൽഹി: ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി കോക്രോച്ച് ജനതാ പാർട്ടി(സിജെപി). കണ്ടത് ട്രെയിലർ മാത്രമാണെന്നും ഇനി ദശലക്ഷക്കണക്കിന് പ്രതിഷേധക്കാർ ഡൽഹിയിലേക്ക് എത്തുമെന്നും സാഹചര്യം മോശമാകുമെന്നും സിജെപി വക്താവ് അശുതോഷ് രംഗ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൽ സിജെപി പ്രവർത്തകർക്ക് നേരെ പൊലീസ് പെല്ലറ്റ് ഗൺ പ്രയോഗിച്ചെന്ന വാദവും ഇതിനിടെ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ
പരിക്കേറ്റ പ്രതിഷേധക്കാരന്റെ കണ്ണിൽ നിന്നും ശസ്‌ത്രക്രിയയിലൂടെ പെല്ലറ്റ് നീക്കം ചെയ്‌തതായി ആശുപത്രി റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. ഇയാളുടെ നെഞ്ചിലും കഴുത്തിലുമുള്ള പെല്ലറ്റുകൾ നീക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇത്തരത്തിൽ പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന ആരോപണവും ഉയരുന്നുണ്ട്. സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇതുവരെ പത്ത് കേസുകളാണ് ഡൽഹി പൊലീസ് എടുത്തിട്ടുള്ളത്.
ഇതിനിടെ പ്രതിഷേധക്കാർ രാജ്യദ്രോഹികളാണെന്ന തരത്തിൽ ബിജെപി വാദം ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌ത ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിനിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞുവെന്ന തരത്തിൽ വീഡിയോകൾ പ്രചരിച്ചിരുന്നു. ഇവർ വിദ്യാർത്ഥികളല്ല ഗുണ്ടകളാണ് എന്ന തരത്തിലായിരുന്നു പ്രചാരണം. സിജെപി പ്രവർത്തകരുടെ ആക്രമണമെന്ന രീതിയിലാണ് ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലും വീഡിയോ പങ്കുവച്ചത്. എന്നാൽ, ബീഹാറിൽ ട്രെയിൽ വൈകിയതിൽ പ്രകോപിതരായ പരീക്ഷാർത്ഥികളാണ് കല്ലെറിഞ്ഞതെന്നാണ് വാസ്‌തവം.
അതേസമയം, രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെ ഇന്നലെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത വസ്‌ത്രം ധരിച്ചാണ് കോൺഗ്രസ് എംപിമാർ പാർലമെന്റിൽ എത്തിയിരിക്കുന്നത്. മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യത്തിലെ നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാകും എങ്ങനെ പ്രതിഷേധിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കുക. ലോക്‌സഭയിലും രാജ്യസഭയിലും വിഷയം സംബന്ധിച്ച് അടിയന്തരപ്രമേയ നോട്ടീസുകൾ നൽകിയിട്ടുണ്ട്.
