Connect with us

Crime

25 കോടിയോളം രൂപയുടെ കള്ളപ്പണം തൃശൂരിലെ ബിജെപി ഓഫീസിൽ എത്തിയതായി വെളിപ്പെടുത്തൽ

Published

on

25 കോടിയോളം രൂപയുടെ കള്ളപ്പണം തൃശൂരിലെ ബിജെപി ഓഫീസിൽ എത്തിയതായി വെളിപ്പെടുത്തൽ

തൃശൂർ: തിരഞ്ഞെടുപ്പ് കാലത്ത് 25 കോടിയോളം രൂപയുടെ കള്ളപ്പണം തൃശൂരിലെ ബിജെപി ഓഫീസിൽ എത്തിയതായി വെളിപ്പെടുത്തൽ. തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനത്തിൽ 17 ചാക്കുകളിലായാണ് പണം കൊണ്ടുവന്നതെന്നും ബിജെപി മുൻ ഓഫീസ് സെക്രട്ടറി അക്ഷയ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിന്റെ രണ്ടാം നിലയിലും ഗാന്ധിനഗറിലെ വീട്ടിലുമായാണ് ഈ പണം സൂക്ഷിച്ചിരുന്നത് എന്നും അക്ഷയ് പറഞ്ഞു. നേരത്തേ ലക്ഷങ്ങളുടെ ഫണ്ട് വെട്ടിപ്പ് ബിജെപിയിൽ നടന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തൃശൂർ ബിജെപിയെ കുറിച്ചും വെളിപ്പെടുത്തലുണ്ടായത്.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് രണ്ടുദിവസം മുമ്പാണ് ബിജെപി ജില്ലാ ഓഫീസിലേക്ക് പണം എത്തിയതെന്ന് അക്ഷയ് പറയുന്നു. തിരഞ്ഞെടുപ്പിനായി എത്തിയ ഫണ്ടിന് പുറമെയായിരുന്നു ഇത്. പണം കൈകാര്യം ചെയ്തത് ഓഫീസ് സെക്രട്ടറിയോ ട്രഷററോ അല്ല, സംഘടനാ സെക്രട്ടറി കെ.പി. സുരേഷ്, മുരളി കൊളങ്ങാട്ട്, അദ്ദേഹത്തിന്റെ ഡ്രൈവർ രാജേഷ് എന്നിവരാണ്. ഗാന്ധി നഗറിലെ വീട്ടിൽ നിന്ന് ഒരു കോടി രൂപയെടുത്ത് തമിഴ്‌നാട്ടിലേക്ക് അയച്ചുവെന്നും ആ സമയം താനും അവിടെ ഉണ്ടായിരുന്നുവെന്നും അക്ഷയ് പറയുന്നു.

തിരഞ്ഞെടുപ്പ് ഫലം വന്ന അന്ന് ഉച്ചയ്ക്ക് പണം ഓഫീസിൽ നിന്ന് മാറ്റിയെന്നാണ് താൻ മനസിലാക്കുന്നത്. ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ മാറ്റി. സംഘടനാ സെക്രട്ടറി കെ.പി. സുരേഷ്, മുരളി കൊളങ്ങാട്ട്, അഡ്വ. അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പണം മുക്കിയത്. ഇതെല്ലാം തനിക്ക് മനസിലായതിനാലാണ് തന്നെ ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്. ഇക്കാര്യങ്ങൾ വിശദീകരിച്ച് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ഇമെയിൽ അയച്ചിട്ടുണ്ട്. ഇത്രയും പറഞ്ഞതിനാൽ തനിക്ക് ഭീഷണിയുണ്ട്. തനിക്ക് എന്ത് സംഭവിച്ചാലും പൂർണ ഉത്തരവാദിത്തം കെ.പി. സുരേഷ്, അഡ്വ. കെ.കെ. അനീഷ് കുമാർ, അഡ്വ. കെ.ആ. ഹരി, സുജയ് സേനൻ എന്നിവർക്കാണെന്നും അക്ഷയ് മാധ്യമങ്ങളാട് പറഞ്ഞു.

Continue Reading