Crime
യുഎസ് – ഇറാൻ ഏറ്റുമുട്ടൽ താൽകാലികമായി അവസാനിപ്പിക്കാൻ കഴിഞ്ഞെങ്കിലും ആശങ്ക അവസാനിച്ചിട്ടില്ല
വാഷിംഗ്ടൺ : തിങ്കളാഴ്ച മുഴുവൻ നീണ്ട യുദ്ധഭീഷണിക്കു ശേഷം ലെബനനിലെ ഇസ്രയേൽ ആക്രമണവും യുഎസ് – ഇറാൻ ഏറ്റുമുട്ടലും താൽകാലികമായി അവസാനിപ്പിക്കാൻ കഴിഞ്ഞെങ്കിലും ആശങ്ക അവസാനിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ ലെബനനിൽ ആക്രമണം നടത്തിയെന്ന് ആരോപിച്ച് യുഎസുമായുള്ള ചർച്ചകളിൽ നിന്ന് ഇറാൻ ഇന്നലെ പിന്മാറിയിരുന്നു. ഹോർമുസിൽ കപ്പലുകൾക്കു നേരെ ഇറാൻ ആക്രമണം നടത്തിയെന്നും യുഎസ് കേന്ദ്രങ്ങൾക്കു നേരെ മിസൈൽ വിക്ഷേപിച്ചെന്നുമുള്ള വാർത്തകളും പിന്നാലെയെത്തി. ഇറാനിലെ റഡാർ, ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസും പ്രത്യാക്രമണം നടത്തി. ഇതു മേഖല വീണ്ടും യുദ്ധത്തിലേക്കു പോവുകയാണോയെന്ന ആശങ്ക ശക്തമാക്കി.
എന്നാൽ പിന്നീട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായി നടത്തിയ ചർച്ചയിൽ ലെബനനിലെ സൈനിക നീക്കം താൽകാലികമായി അവസാനിപ്പിക്കാൻ തീരുമാനമായി. ഫോൺ സംഭാഷണത്തിൽ ട്രംപ് സ്വരം കടുപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ലെബനനിലെ ഹിസ്ബുള്ളയുമായും ട്രംപ് സംസാരിച്ചു. ഇരുകൂട്ടരും തമ്മിൽ താൽകാലിക വെടിനിർത്തലിലെത്തി. ചർച്ചകൾ തുടരുകയാണെന്നും അടുത്ത ആഴ്ച ഇറാനുമായി സമാധാന കരാറിലെത്താൻ കഴിയുമെന്നും ട്രംപ് വ്യക്തമാക്കി. ഇതോടെ ഇന്നലെ ഉയർന്ന ക്രൂഡോയിൽ വില ചെറുതായി താഴ്ന്നു. അതേസമയം, യുദ്ധഭീഷണി പൂർണമായും ഒഴിവാകാത്തത് ഓഹരി വിപണിയിൽ തിരിച്ചടിയായി. ഇന്ന് പ്രധാന ഏഷ്യൻ വിപണികളെല്ലാം നഷ്ടത്തിലാണ്. ഇന്ത്യൻ ഓഹരി വിപണിയും ഈ വഴിക്കു നീങ്ങുമെന്നാണ് കരുതുന്നത്. സ്വർണം ഇന്നും ഇടിവ് തുടർന്നു. ഔൺസിന് 4400 ഡോളറിൽ താഴെയെത്തി.
തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ നാലാം ദിവസവും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആവേശത്തിൽ തുടങ്ങിയെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് മാറുകയായിരുന്നു. യുഎസും ഇറാനും വീണ്ടും ഏറ്റുമുട്ടൽ തുടങ്ങിയെന്ന വാർത്തകളും ക്രൂഡോയിൽ വില ഉയർന്നതും വിദേശ നിക്ഷേപകർ ഓഹരി വിൽപന തുടർന്നതുമാണ് വിപണിക്ക് തിരിച്ചടിയായത്.
