Crime
യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിക്കപ്പെട്ടതോടെ പശ്ചിമേഷ്യ പ്രക്ഷുബ്ധമായി
വാഷിങ്ടണ്‍: യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിക്കപ്പെട്ടതോടെ പശ്ചിമേഷ്യ പ്രക്ഷുബ്ധമായി. ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിനു നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിനു മറുപടിയായി യുഎസ് സൈന്യം ശക്തമായ വ്യോമാക്രമണം അഴിച്ചുവിട്ടു. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.
വാണിജ്യ ചരക്കുകപ്പലിനു നേരെയാണ് ഇറാന്‍ ആക്രമണം നടത്തിയത്. ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് യുഎസ് വ്യോമസേനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഹോര്‍മൂസ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന 11000ത്തിലധികം നാവികരെ ഒഴിപ്പിക്കുന്ന നടപടികള്‍ക്ക് തടസം നേരിട്ടു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ട സാഹചര്യത്തില്‍ നാവികരുടെ ജീവനു ഭീഷണി നിലനില്‍ക്കുകയാണ്.
ചരക്കുകപ്പലിനു നേരെ ആക്രമണം നടത്തിയ വിഷയത്തില്‍ ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം അടുത്ത രണ്ടു മാസത്തേക്ക് വാണിജ്യ കപ്പലുകളുടെ സുരക്ഷയുടെ ഉത്തരവാദിത്വം ഇറാന് ഉണ്ടായിരുന്നു. എന്നാല്‍ ഡ്രോണ്‍ ആക്രമണം നടത്തിയതോടെ ഇറാന്‍ തന്നെ കരാറിലെ വ്യവസ്ഥ ലംഘിക്കുകയായിരുന്നു. അമെരിക്ക തങ്ങളുടെ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിനു ഇറാന്‍ തിരിച്ചടി നല്‍കുമോയെന്ന ആശങ്കയിലാണ് പശ്ചിമേഷ്യ. ഇറാന്‍ തിരിച്ചടിക്ക് മുതിര്‍ന്നാല്‍ പശ്ചിമേഷ്യയില്‍ സംഘര്‍ഷം വീണ്ടും വഷളാകും.
