Crime
ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ബോഫോഴ്‌സ് അഴിമതിക്കേസിലെ നിയമനടപടികൾക്ക് തിരശ്ശീല വീണു
ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ബോഫോഴ്‌സ് അഴിമതിക്കേസിലെ നിയമനടപടികൾക്ക് തിരശ്ശീല വീണു
ന്യൂഡൽഹി:നാല് പതിറ്റാണ്ടോളം ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ബോഫോഴ്‌സ് അഴിമതിക്കേസിലെ നിയമനടപടികൾക്ക് പൂർണ്ണമായ തിരശ്ശീല വീണു. കേസിൽ സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിച്ചു. ഹിന്ദുജ സഹോദരന്മാരെയും സ്വീഡിഷ് ആയുധ നിർമാണ കമ്പനിയായ ബോഫോഴ്‌സിനെയും കുറ്റവിമുക്തരാക്കിക്കൊണ്ട് 2005-ൽ ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരായ അവസാന അപ്പീലും സുപ്രീം കോടതി തള്ളി.
ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് മാറ്റിവെക്കാനുള്ള ആവശ്യം നിരസിക്കുകയും കൂടുതൽ വാദങ്ങൾ കേൾക്കാൻ തയ്യാറാകാതെ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ അഭിഭാഷകൻ അജയ് കെ. അഗർവാൾ നൽകിയ ഹർജി തള്ളുകയുമായിരുന്നു.
എല്ലാ നടപടികളും നേരത്തെ തന്നെ റദ്ദാക്കിയതാണ്. എത്ര വർഷങ്ങൾ കഴിഞ്ഞു? ഇനി ഇതിൽ എന്ത് നടപടിയാണ് ബാക്കിയുള്ളത്? എന്ന് ചോദിച്ചാണ് കോടതി അപ്പീൽ തള്ളിയത്.
1986-ൽ ഇന്ത്യൻ സർക്കാരും സ്വീഡനിലെ എ.ബി. ബോഫോഴ്‌സ് കമ്പനിയും തമ്മിൽ 1,437 കോടി രൂപയുടെ ഹൊവിറ്റ്‌സർ തോക്കുകൾ വാങ്ങുന്നതിനായി ഒപ്പുവെച്ച കരാറാണ് കേസിനാസ്പദം. ഈ ഇടപാടിൽ ഇടനിലക്കാർക്കും രാഷ്ട്രീയക്കാർക്കും 64 കോടി രൂപ കോഴയായി ലഭിച്ചുവെന്ന ആരോപണമാണ് ഉയർന്നത്. 1980-കളുടെ അവസാനത്തിൽ ഉയർന്നുവന്ന ഈ അഴിമതി ആരോപണം അന്നത്തെ രാജീവ് ഗാന്ധി സർക്കാരിനെ ഉലയ്ക്കുകയും 1989-ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിക്ക് പ്രധാന കാരണമാവുകയും ചെയ്തിരുന്നു.
