Crime
മുത്തങ്ങ കേസ് വിധി : വിശദമായി പരിശോധിക്കണമെന്ന് ഹൈക്കോടതി
കൊച്ചി : മുത്തങ്ങ സമരവുമായ് ബന്ധപ്പെട്ടകേസില്‍ പൊലീസ് കോൺസ്റ്റബിള്‍ അബ്ദുൽ സലാം, ഫോറസ്റ്റർ ശശിധരൻ എന്നിവരെ ആക്രമിച്ച കേസിലെ വിചാരണക്കോടതിയുെടെ വിധി സൂക്ഷ്മമായി പരിശോധിക്കണമെന്ന് ഹൈക്കോടതി. കേസിൽ ശിക്ഷിക്കപ്പെട്ട ആദിവാസി ഗോത്രമഹാസഭ നേതാവ് എം.ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾ സമർപ്പിച്ച അപ്പീൽ പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യം പറഞ്ഞത്. ഹർജിയിൽ സർക്കാരിനും സിബിഐക്കും നോട്ടിസ് അയയ്ക്കാനും കേസ് വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കാനും കോടതി തീരുമാനിച്ചു. വിചാരണ കോടതി വിധി മരവിപ്പിക്കുന്ന കാര്യവും അന്നു പരിശോധിക്കും.
സിബിഐ അഭിഭാഷകൻ ഹാജരില്ലാതിരുന്നതിനാലും കേസിലെ കുറ്റപത്രമടക്കം പരിശോധിക്കേണ്ടതിനാലും ബുധനാഴ്ചത്തേക്ക് കേസ് മാറ്റുകയാണെന്ന് ജസ്റ്റിസ് എ.ബദറുദീൻ പറഞ്ഞു. കോടതിയുടെ വിധിന്യായത്തിൽ ‘പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കണ്ടെത്തി’ എന്നെഴുതുന്നതു തെറ്റായ കണ്ടെത്തലാണെന്നു കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ‘അന്തിമമായി തെളിയിക്കപ്പെട്ടു’ എന്നായിരുന്നു വേണ്ടിയിരുന്നത്. അതിനാൽ വിധിയിലെ ഓരോ ഭാഗവും വിശദമായ പരിശോധനയ്ക്കു വിധേയമാക്കണമെന്നും കോടതി പറഞ്ഞു.
പ്രതികളുടെ ശിക്ഷ പൂർണമായും ഐപിസി 120ബി (ഗൂഢാലോചന)യുമായി ബന്ധപ്പെടുത്തി മാത്രമാണു നൽകിയിട്ടുള്ളത് എന്നു പ്രതിഭാഗം വാദത്തിനിടെ ചൂണ്ടിക്കാട്ടി. എന്നാൽ ഗൂഢാലോചനയെക്കുറിച്ച് ‘പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ട്’ എന്നു മാത്രമാണു വിധിന്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. പ്രഥമദൃഷ്ട്യാ തെളിഞ്ഞു എന്നു മാത്രം പറഞ്ഞുകൊണ്ട് ശിക്ഷ നൽകാൻ കഴിയില്ല. കുറ്റങ്ങളിൽ വകുപ്പ് 149 (നിയമവിരുദ്ധമായി സംഘം ചേരൽ) ചേർത്തിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. കൊലപാതക കേസിൽ വെറുതേ വിടുകയും എന്നാൽ അതിലേക്കു നയിച്ചതെന്നു പറയുന്ന ഗൂഢാലോചനക്കുറ്റത്തിൽ ശിക്ഷിക്കുകയും ചെയ്യുന്നതു നിലനിൽക്കില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
തുടർന്നാണ് വിചാരണ കോടതി ഉത്തരവടക്കം വിശദമായി പരിശോധിക്കണമെന്ന് കോടതി പറഞ്ഞത്. പ്രതികൾ ദീർഘകാലം കസ്റ്റഡിയിൽ കഴിഞ്ഞിട്ടുണ്ടെന്നും സംഭവം നടന്നിട്ടു വർഷങ്ങളായെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം ശിക്ഷ താൽക്കാലികമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ രേഖകൾ പരിശോധിക്കട്ടെയെന്നും സിബിഐയെ കേൾക്കട്ടെയെന്നും കോടതി പറഞ്ഞു. വിചാരണ കോടതി വിധിച്ച 5 വർഷം തടവ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗീതാനന്ദനു പുറമേ മൂന്നാം പ്രതി ബിനു, അഞ്ചാം പ്രതി രമേശൻ കോയാലിപ്പുര, പതിനൊന്നാം പ്രതി അനിൽകുമാർ എന്നിവരാണ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നത്
