KERALA
ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേക്ക് ചിന്ത ജെറോം എത്തുന്നു . എം. വിജിൻ സംസ്ഥാന സെക്രട്ടറി ആകും
കോട്ടയം : ഇടതുപക്ഷ യുവജനസംഘടനയായ ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേക്ക് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും പാർട്ടിയിലെ യുവ വനിതാ നേതാവുമായ ചിന്ത ജെറോം എത്തുന്നു . കല്ല്യാശ്ശേരി എംഎൽഎയും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം. വിജിൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് എത്തും. കഴിഞ്ഞ ദിവസം നടന്ന നേതൃയോഗത്തിലാണ് തീരുമാനമുണ്ടായത്
കൊല്ലം ജില്ലയിൽ നിന്നുള്ള പ്രമുഖ നേതാവായ ചിന്ത വിദ്യാർഥികാലം മുതൽക്കേ പാർട്ടിയിൽ സജീവമാണ്. സംസ്ഥാന–ദേശീയ നേതൃത്വങ്ങൾക്ക് പ്രിയപ്പെട്ട ആളെന്ന പരിഗണന ചിന്തയ്ക്ക് തുണയായി. തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനായി ചിലർ വാദിച്ചെങ്കിലും ചിന്തയുടെ പേരിലേക്കാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പടെയുള്ളവർ എത്തിച്ചേർന്നത്.
കല്ല്യാശ്ശേരിയിൽ നിന്ന് രണ്ടാം തവണയും എംഎൽഎ ആയ വിജിൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെ നടത്തിയ മികച്ച പ്രകടനമാണ് ഡിവൈഎഫ്ഐ നേതൃത്വത്തിലേക്കു വഴി തുറന്നത്. 38 വയസ്സെന്ന പുതിയ പ്രായനിബന്ധനയും വിജിനെ സഹായിച്ചു. പ്രായപരിധി നിർബന്ധമാക്കിയ എം.വി ഗോവിന്ദന്റെ നടപടി ഏകപക്ഷീയമാണെന്ന് വിമർശനമുയർന്നെങ്കിലും വിജിന് തന്നെ നറുക്ക് വീണു.
ഓഗസ്റ്റ് 19 മുതൽ 22 വരെ തൃശൂരിൽ വച്ച് നടക്കുന്ന സംംസ്ഥാന സമ്മേളനത്തിൽ വച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. മൂന്ന് വർഷം കൂടുമ്പോഴാണ് നേതൃമാറ്റമുണ്ടാകാറെങ്കിലും ഡിവൈഎഫ്ഐ സമ്മേളനങ്ങൾ നടന്നിട്ട് നാലു വർഷം പിന്നിട്ടിരുന്നു. 2022 ൽ പത്തനംതിട്ടയിൽ വച്ചു നടന്ന സംസ്ഥാന സമ്മേളനത്തിലാണ് നിലവിലെ ഭാരവാഹികളായി വി.കെ.സനോജും, വി.വസീഫും നേതൃത്വത്തിലെത്തിയത്.
