Education
സോനം വാങ്ചുക്കിന് പിന്നാലെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ‍്യാപിച്ച് അഭിജീത് ദിപ്കെ
ന‍്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റിയതിനു പിന്നാലെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ‍്യാപിച്ച് കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ.
സിജെപിയുടെ ഔദ‍്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അഭിജീത് നിരാഹാര സമരം തുടങ്ങുകയാണെന്ന് വ‍്യക്തമാക്കിയത്. ജൂലൈ 20ന് നേരത്തെ നിശ്ചയിച്ച പോലെ പാർലമെന്‍റിലേക്ക് പ്രതിഷേധം നടത്തുമെന്നും സിജെപിയുടെ എക്സ് പോസ്റ്റിൽ പറയുന്നു. ജൂലൈ 18ന് രാവിലെ തന്നെ ഡൽഹി പൊലീസ് മർദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്ന് അഭിജീത് ദിപ്കെ ആരോപിച്ചു. എന്നാൽ ഈ ആരോപണം ഡൽഹി പൊലീസ് തള്ളി.
അതേസമയം, സോനം വാങ്ചുക്കിനെ സഫ്ദർജംഗ് ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ആരോഗ‍്യസ്ഥിതി കണക്കിലെടുത്ത് ഡൽഹി ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്നാണ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് നീക്കിയതെന്ന് അധികൃതർ വ‍്യക്തമാക്കി.
നിലവിൽ സോനം വാങ്ചുക്കിന്‍റെ ആരോഗ‍്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ പ്രതികരിച്ചു കൊണ്ട് സോനം വാങ്ചുക്കിന്‍റെ ഭാര‍്യ ഗീതാഞ്ജലി ആംഗ്‌മോ രംഗത്തെത്തി. തന്‍റെ ഭർത്താവിന്‍റെ പൂർണ സമ്മതമില്ലാതെ അദ്ദേഹത്തിന് ചികിത്സ നൽകരുതെന്നാണ് അവർ ആശുപത്രി അധികൃതരോട് ആവശ‍്യപ്പെട്ടിരിക്കുന്നത്.
നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ‍്യപ്പെട്ടാണ് സിജെപി ന‍്യൂഡൽഹിയിലെ ജന്തർ മന്തറിൽ സമരം ആരംഭിച്ചത്.
