Education
ഒൻപതാം ക്ലാസ് മുതൽ മൂന്ന് ഭാഷ നിർബന്ധമാക്കാനുള്ള സിബിഎസ്ഇ തീരുമാനത്തിനെതിരെ സുപ്രീംകോടതി
ന്യൂഡൽഹി: ഒൻപതാം ക്ലാസ് മുതൽ മൂന്ന് ഭാഷ നിർബന്ധമാക്കാനുള്ള സിബിഎസ്ഇ തീരുമാനത്തിനെതിരെ സുപ്രീംകോടതി. പത്താം ക്ലാസിലെ ബോർഡ് പരീക്ഷകൾക്കായി തയ്യാറെടുക്കാൻ തുടങ്ങുന്ന ഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് മേൽ പുതിയൊരു ഭാഷ അടിച്ചേൽപ്പിക്കുന്നത് കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു. സുപ്രീംകോടതി ജസ്റ്റിസ് ബിവി നാഗരത്നയുടെ ബെഞ്ചിന്റേതാണ് നിരീക്ഷണം.
ഒൻപതാം ക്ലാസ് മുതൽ മൂന്ന് ഭാഷകൾ പഠിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും പത്താം ക്ലാസിലെ ബോർഡ് പരീക്ഷയിൽ ഇത് ഉണ്ടായിരിക്കില്ലെന്ന് സിബിഎസ്ഇ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാലും ഈ തീരുമാനം കുട്ടികളിലെ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്നാണ് കോടതിയുടെ വിലയിരുത്തൽ.
“ഒൻപതാം ക്ലാസ് എന്നത് കുട്ടികളെ സംബന്ധിച്ച് കടുത്ത മാനസിക സമ്മർദ്ദത്തിന്റെ സമയമാണ്. പിന്നെന്തിനാണ് ഈ ഘട്ടത്തിൽ പുതിയൊരു ഭാഷകൂടി നിർബന്ധമാക്കുന്നത്? വേണമെങ്കിൽ ഇത് ആറാം ക്ലാസിൽ ഉൾപ്പെടുത്താമായിരുന്നു. എട്ടാം ക്ലാസ് കഴിയുന്നതോടെ തന്നെ കുട്ടികളിൽ പരീക്ഷാ സമ്മർദ്ദം ആരംഭിക്കുകയാണ്. അതിനാൽ ഒൻപതാം ക്ലാസിൽ മൂന്നാം ഭാഷ കൊണ്ടുവരരുത്.” -ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.തമിഴ്നാട്ടിലെ എല്ലാ ജില്ലകളിലും ജവഹർ നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
