Education
നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്‌ത് ആശുപത്രിയിലേക്ക് മാറ്റി
ന്യൂഡൽഹി: ജന്തർ മന്തറിൽ കഴിഞ്ഞ 20 ദിവസമായി നിരാഹാര സമരം നടത്തുന്ന ആക്‌ടിവിസ്റ്റ് സോനം വാങ്ചുകിനെ പ്രതിഷേധ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്‌ത് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ പ്രതിഷേധസ്ഥലത്തെത്തി ആയിരുന്നു പൊലീസിന്റെ നടപടി. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വാങ്ചുക് സമരം ചെയ്യുന്നത്.
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായതായി ഡോക്‌ടർമാർ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ജന്തർ മന്തറിലുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ മറ്റ് സമരക്കാരെയും ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. അർദ്ധസൈനിക വിഭാഗം ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. വെള്ളത്തുണി കൊണ്ട് മറച്ചാണ് സോനം വാങ്ചുകിനെ സ്ഥലത്തുനിന്നും മാറ്റിയത്. ശക്തമായ പ്രതിഷേധം നടത്തിയ സിജെപി പ്രവർത്തകരോട് ശാന്തരാകണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നുണ്ടായിരുന്നു.
സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ ഡൽഹി ഹൈക്കോടതി രണ്ടുദിവസം മുമ്പ് അധികാരികൾക്ക് നിർദേശം നൽകിയിരുന്നു. ഏതൊരു പൗരന്റെയും ജീവൻ വിലപ്പെട്ടതാണെന്നും കോടകി നിരീക്ഷിച്ചിരുന്നു. വാങ്ചുകിന്റെ ആരോഗ്യസ്ഥിതി മോശമായതിനാലും ഹൈക്കോടതി ഉത്തരവ് പ്രകാരവുമാണ് നടപടിയെന്നാണ് ജന്തർ മന്തറിലെത്തിയ പൊലീസുകാർ പറഞ്ഞത്.
വാങ്ചുകിന്റെ ശരീരഭാരം എട്ട് കിലോയിലധികം കുറഞ്ഞതായി രണ്ട് ദിവസം മുമ്പ് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള നിരവധി നേതാക്കൾ വാങ്ചുകിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യം കണക്കിലെടുത്ത് നിരാഹാര സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
