KERALA
എം.എൽ.എമാരുടെയും ആശ്രിതരുടെയും പെൻഷൻ വിതരണത്തിൽ വ്യാപകമായ ക്രമക്കേടുകൾ. കെ. ആർ ഗൗരിയമ്മ ഇപ്പോഴും പെൻഷൻ വാങ്ങുന്നുവെന്ന് രേഖകൾ
തിരുവനന്തപുരം: മുൻ എം.എൽ.എമാരുടെയും അവരുടെ ആശ്രിതരുടെയും പെൻഷൻ വിതരണത്തിൽ നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപകമായ ക്രമക്കേടുകൾ. മരിച്ചവർക്കും, ഒരേ ആൾക്ക് രണ്ട് പേരിലും പെൻഷൻ അനുവദിക്കുന്നതായി വിവരാവകാശ രേഖകളിൽ നിന്നും വ്യക്തമായി. 2021ൽ അന്തരിച്ച മുൻ മന്ത്രി കെ. ആർ ഗൗരിയമ്മ ഇപ്പോഴും പെൻഷൻ വാങ്ങുന്നുവെന്ന് രേഖകൾ ചൂണ്ടിക്കാട്ടുന്നു.
ലക്ഷങ്ങൾ കൈപ്പറ്റുന്ന മുൻ എം എൽ എമാർക്കും അവരുടെ ആശ്രിതർക്കുമുള്ള പെൻഷൻ വിതരണത്തിൽ വ്യാപക ക്രമക്കേടെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ചുള്ള വിവരാവകാശ രേഖ പുറത്തുവന്നു. നിലവിലെ രേഖകൾ പ്രകാരം 225 എം. എൽ എ മാർക്ക് പെൻഷനും മരണപ്പെട്ട 230 പേരുടെ കുടുംബാംഗങ്ങൾക്കും പെൻഷൻ നൽകി വരുന്നുണ്ട്. എന്നാൽ മരണപ്പെട്ട പലരും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
കെ. ആർ ഗൗരി മരിച്ച ശേഷവും ഭർത്താവ് ടി. വി തോമസിന്റെ ഭാര്യ എന്ന നിലയിലുള്ള പെൻഷനും ഗൗരിയമ്മയുടെ പേരിലുള്ള പെൻഷനും വാങ്ങുന്നുവെന്ന് വിവരാവകാശ രേഖ പറയുന്നു. 2019 ഡിസംബർ 13ന് മരണപ്പെട്ട മുൻ ദേവികുളം എം എൽ എ എസ് സുന്ദരമാണിക്യത്തിനും ഇപ്പോഴും പെൻഷൻ അനുവദിക്കുന്നുണ്ട്. കൂടാതെ ഇതേ വ്യക്തിയുടെ ഭാര്യ അന്നമാളിന് കുടുംബപെൻഷനും നൽകുന്നുണ്ട്. അതായത് രണ്ട് രീതിയിൽ ഒരേ കുടുംബത്തിലേക്ക് പെൻഷൻ എത്തുന്നു.
2023 ഓഗസ്റ്റിൽ അന്തരിച്ച സരോജിനി ബാലാനന്ദനും ഇത്തരത്തിൽ പെൻഷൻ വാങ്ങുന്നുണ്ട്. മുൻ എംപി പി. കെ ശ്രീമതിയുടെ പേരിലും വ്യാജമായി പെൻഷൻ വാങ്ങുന്നുണ്ട്. പി. ആർ കൃഷ്ണൻ എന്ന മുൻ എം എൽ എയുടെ ഭാര്യ എന്ന നിലയിലാണ് പി. കെ ശ്രീമതി പെൻഷൻ വാങ്ങുന്നത്. എന്നാൽ ഇവരുടെ ഭർത്താവ് ഇ. ദാമേദരൻ നമ്പ്യാർ ആണെന്നും ഇദ്ദേഹം നിയമസഭാ അംഗമായിട്ടില്ല എന്നതാണ് കൗതുകകരം.
എം എൽ എ ആകാത്ത ഒരു വ്യക്തിയുടെ മകൾക്കും പെൻഷൻ കിട്ടുന്നുണ്ട്. പ്രൊഫസർ കെ. എം ചാണ്ടിയുടെ മകൾ ത്രേസ്യാമ്മ ചാണ്ടിക്കാണ് പെൻഷൻ നൽകുന്നത്. കൂടാതെ തിരുവമ്പാടി എംഎൽഎ എ വി അബ്ദുറഹ്മാൻ ഹാജിയുടെ രണ്ട് ഭാര്യമാർക്കും കുടുംബ പെൻഷൻ നൽകുന്നു. ചട്ടപ്രകാരം ആർക്കെങ്കിലും ഒരാൾക്ക് മാത്രമേ പെൻഷന് അർഹതയുള്ളൂ. എലിസബത്ത് മാമൻ മത്തായിക്ക് തിരുവല്ല മുൻ എംഎൽഎ എന്ന നിലയിൽ ഇരട്ട പെൻഷനും നൽകുന്നുണ്ട്. നിലവിലെ പല എംഎൽഎ മാർക്കും ഇത്തരത്തിൽ വഴിവിട്ട തരത്തിൽ പെൻഷൻ നൽകുന്നുണ്ട്.
തോമസ് ഉണ്ണിയാടൻ, കെ. എം ഷാജി, ഷാനിമോൾ ഉസ്മാൻ, എൻ ശക്തൻ എന്നിവർക്കാണ് ഇപ്പോഴും പെൻഷൻ നൽകിക്കൊണ്ടിരിക്കുന്നത്.
