Connect with us

KERALA

പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട് സിപിഐ-സിപിഎം തര്‍ക്കം രൂക്ഷമായി തുടരുന്നു.

Published

on

തിരുവനന്തപുരം :പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട് സിപിഐ-സിപിഎം തര്‍ക്കം രൂക്ഷമായി തുടരുന്നു. വിഷയത്തില്‍ വാശിയില്ലെന്നും ചര്‍ച്ചയ്ക്കായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞപ്പോള്‍ ഇല്ലാത്ത ഒരു പ്രശ്‌നം ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞാല്‍ എന്ത് ചര്‍ച്ചയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മാധ്യമങ്ങളോട് ചോദിച്ചു. ഇതു സംബന്ധിച്ച ചോദ്യത്തിന് അതു കഴിഞ്ഞ കാര്യമാണെന്നായിരുന്നു പിണറായിയുടെ മറുപടി.

മുന്‍പും അതു തന്നെയാണ് പറഞ്ഞത്. ഇപ്പോഴും ഞാന്‍ അവിടെ തന്നെയാണു നില്‍ക്കുന്നത്. എന്തു വിട്ടുവീഴ്ചയാണ് വേണ്ടത്. കേരളത്തില്‍ ഏതെങ്കിലും കാലത്ത് ഇത്തരം ഒരു പ്രശ്‌നം ഉണ്ടായിട്ടുണ്ടോ. ഇല്ലാത്ത ഒരു പ്രശ്‌നം ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞാല്‍ എന്ത് ചര്‍ച്ചയാണ് വേണ്ടതെന്നും പിണറായി വിജയന്‍ ചോദിച്ചു.

എന്നാൽ ചര്‍ച്ചകള്‍ക്കായി സിപിഐയുടെ വാതില്‍ എല്ലാ കാലത്തും തുറന്നു വച്ചിരിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. വിഷയം സംസാരിച്ച് പരിഹരിക്കുന്നതിനു പകരം മറ്റു ഘടകകക്ഷികളെ ചേര്‍ത്ത് എല്‍ഡിഎഫിനകത്ത് ഒരു വോട്ടെടുപ്പിലൂടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നത് ആരോഗ്യപരമല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫിനകത്ത് ആളെ പിടിച്ച് വോട്ട് ചെയ്ത് ജയിപ്പിക്കാന്‍ നോക്കുന്നത് എല്‍ഡിഎഫ് രീതിയല്ല. എല്‍ഡിഎഫില്‍ സിപിഐ ഒറ്റപ്പെട്ടിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ-സിപിഎം ബന്ധം ഏറ്റവും ഊഷ്‌ളമാക്കാനാണ് എന്നും സിപിഐ ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ തര്‍ക്കമോ വലിയ സംഘര്‍ഷമോ ഉണ്ടാക്കാന്‍ പാര്‍ട്ടിക്കു താല്‍പര്യമില്ല. പക്ഷെ കൃത്യമായ നിലപാടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

Continue Reading