Connect with us

KERALA

നിയമന വിവാദം ബി.ആർ.എം.ഷഫീറിന്റെ ഭാര്യ, റിസർച് ഓഫിസർ ജോലി രാജിവച്ചു

Published

on

തിരുവനന്തപുരം : കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം.ഷഫീറിന്റെ ഭാര്യ, ഷാനി ഷഫീർ സീമാറ്റിൽ കരാർ അടിസ്ഥാനത്തിൽ ലഭിച്ച റിസർച് ഓഫിസർ ജോലി രാജിവച്ചു. വെള്ളിയാഴ്ച രാജിക്കത്ത് സ്ഥാപന മേധാവിക്കു കൈമാറി. വിദ്യാഭ്യാസവകുപ്പിലെ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനൽ മാനേജ്മെന്റ് ആൻഡ് അഡ്മിനിസ്ട്രേഷനിലെ(സീമാറ്റ്) ജോലിയാണ് ഉപേക്ഷിച്ചത്.

ജോലിക്ക് അപേക്ഷിക്കുകയോ അഭിമുഖം നടത്തുകയോ ചെയ്യാതെ, ബയോഡേറ്റ മാത്രം വാങ്ങി ഷാനിക്ക് ജോലി നൽകിയെന്ന് ആരോപണമുയർന്നിരുന്നു. ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനമായതിനാലാണു വിജ്ഞാപനം ഇറക്കാതിരുന്നതെന്നു സീമാറ്റ് ഡയറക്ടർ ആർ.അരുൺ കുമാർ വ്യക്തമാക്കിയിരുന്നു. വേറെ ബയോഡേറ്റകൾ കിട്ടിയില്ല. എംഎ ഇംഗ്ലിഷും എംഫിലും യോഗ്യതയുള്ള ഷാനി നേരത്തേ വിവിധ സ്ഥാപനങ്ങളിൽ അധ്യാപക ജോലി ചെയ്തിരുന്നു. ആ യോഗ്യത കൂടി പരിഗണിച്ചാണ് റിസർച് ഓഫിസർ നിയമനം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അപേക്ഷ ക്ഷണിക്കാതെയും അഭിമുഖം നടത്താതെയും നിയമനം നേടിയവർ ഇപ്പോഴും സീമാറ്റിൽ ജോലി ചെയ്യുന്നുണ്ട്. ഇതിൽ സിപിഎം ഏരിയ സെക്രട്ടറിയുടെ ഭാര്യയും ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റബന്ധുവും ഉണ്ടെന്നും ആരോപണമുയർന്നിരുന്നു.

കോൺഗ്രസ് പ്രസ്ഥാനത്തിന്റെയും പ്രവർത്തകരുടെയും തലകുനിക്കേണ്ട അവസരം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ബി.ആർ.എം.ഷഫീർ പറഞ്ഞു. ഏതെങ്കിലും മന്ത്രിയുടെ സ്റ്റാഫിൽ തന്റെ ഭാര്യയ്ക്കു ജോലി ലഭിക്കാൻ പാർട്ടിയും നേതാക്കളും സഹായിക്കുമായിരുന്നു. പക്ഷേ, പാർട്ടിക്ക് വേണ്ടി ജീവൻവരെ കൊടുത്തു പോരാടാൻ തയാറായവർക്കാണ് ആ അവസരം ലഭിക്കേണ്ടതെന്നാണു തന്റെ കാഴ്ചപ്പാട്.

Continue Reading