Entertainment
ആരാധകരെ ആവേശ കടലിലാഴ്ത്തി എമ്പുരാൻ്റെ മാസ് എൻട്രി : ആദ്യ ഷോ കാണാൻ മോഹൻലാലും പൃഥിരാജുമെത്തി

കൊച്ചി: ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ തീയേറ്ററുകളിൽ. അൽപം മുൻപാണ് ചിത്രത്തിന്റെ പ്രദർശനം ആരംഭിച്ചത്. കേരളത്തിൽ മാത്രം 750ൽ അധികം സ്ക്രീനുകളിലാണ് എമ്പുരാൻ പ്രദർശനത്തിന് എത്തിയിരിക്കുന്നത്. കൊച്ചിയിൽ ആദ്യ ഷോ കാണാൻ മോഹൻലാൽ ഉൾപ്പടെയുളള താരങ്ങളും എത്തിയിട്ടുണ്ട്. ആരാധകരുടെ തിക്കും തിരക്കും മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിന് തീയേറ്ററുകളിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുളളത്.
മലയാളത്തിലെ ആദ്യ 50 കോടി ഓപ്പണിംഗ് (ആദ്യ ദിന കളക്ഷൻ) നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാൻ. ലോകമെമ്പാടും നേടിയിരിക്കുന്ന അഡ്വാൻസ് ബുക്കിംഗിലൂടെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. അതേസമയം, അമേരിക്കയിൽ മുന്നൂറോളം സ്ക്രീനുകളിലാണ് എമ്പുരാൻ പ്രദർശിപ്പിക്കുന്നത്. ഷിക്കാഗോ, ന്യൂയോർക്ക്, ഡാലസ്, തുടങ്ങി പ്രധാന നഗരങ്ങളിൽ ആദ്യ ദിവസം ഹൗസ് ഫുൾ ആണ്. എമ്പുരാൻ ടീ ഷർട്ടുകൾ ധരിച്ചാണ് മിക്കവരും സിനിമ കാണാൻ പോകുന്നത്. മലയാളി റസ്റ്റോറന്റുകളിലും എമ്പുരാൻ ആരാധകർക്ക് വേണ്ടി പ്രത്യേക വിഭവങ്ങളും ഒരുങ്ങി കഴിഞ്ഞു.ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്‌കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മുരളി ഗോപിയാണ് രചന നിർവഹിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണിത്.ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിംഗ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.