Entertainment
തന്നോട് വിവേചനം കാണിച്ചു. തനിക്കില്ലാത്ത എന്തോ അത്ഭുതസിദ്ധി സച്ചിദാനന്ദനുണ്ടെന്നു പ്രേംകുമാർ
തന്നോട് വിവേചനം കാണിച്ചു. തനിക്കില്ലാത്ത എന്തോ അത്ഭുതസിദ്ധി സച്ചിദാനന്ദനുണ്ടെന്നു പ്രേംകുമാർ
തിരുവനന്തപുരം: സർക്കാരിനെ വിമർശിച്ച കെ. സച്ചിദാനന്ദനെതിരേ നടപടിയെടുക്കാത്തതിലും ചലച്ചിത്ര അക്കാദമി ചുമതലയിൽനിന്ന് തന്നെ മാറ്റിയതിലും പ്രതിഷേധിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിൽ വിശദീകരണവുമായി നടൻ പ്രേംകുമാർ. ഗുരുതരമായ പരാമർശങ്ങളും പ്രതികരണവുമാണ് സാഹിത്യ അക്കാദമി ചെയർമാന്റേതെന്ന് പ്രേംകുമാർ ആരോപിച്ചു. തന്നോട് വിവേചനം കാണിച്ചു. നീതിനിഷേധമുണ്ടായി. തനിക്കില്ലാത്ത എന്തോ അത്ഭുതസിദ്ധി സച്ചിദാനന്ദനുണ്ടെന്നും പ്രേംകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
‘അടഞ്ഞ അധ്യായമെന്ന് കരുതി മറക്കാൻ ശ്രമിച്ച കാര്യമാണ്. ചലച്ചിത്ര അക്കാദമിയുടെ ചുമതലയിൽ തിരക്കുപിടിച്ച പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ, സംസ്ഥാന അവാർഡ് പ്രഖ്യാപനത്തിന്റെ തലേദിവസം അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് ഞാൻ പുറത്തായി. എന്താണ് സംഭവിച്ചതെന്ന് എനിക്ക് യാതൊരു അറിവുമില്ല. ഈ നിമിഷംവരെ ഔദ്യോഗികമായ ഒരറിയിപ്പും ലഭിച്ചിട്ടില്ല. മാധ്യമങ്ങളിലൂടേയാണ് വാർത്ത അറിഞ്ഞത്’, പ്രേംകുമാർ പറഞ്ഞു.
‘ആശാ സമരവുമായി ബന്ധപ്പെട്ട് സദുദ്ദേശപരമായ അഭിപ്രായമാണ് ഞാൻ പറഞ്ഞത്. അതിന്റെ പേരിലാണ് പുറത്താക്കിയത്. ഇത്രയും പ്രവർത്തനങ്ങൾക്ക് ചുമതലവഹിച്ചുകൊണ്ടിരിക്കുമ്പോൾ, എന്ത് അടിയന്തരസാഹചര്യമാണ് പുറത്താക്കാൻ ഉണ്ടായിരുന്നത്. മറ്റൊരു കാരണവും കാണുന്നില്ല. അറിയിപ്പുപോലും തന്നില്ല. പുറത്താക്കുന്നതും മാറ്റുന്നതും സർക്കാരിന്റെ വിവേചനാധികാരമാണ്. അതിൽ എനിക്ക് അഭിപ്രായം പറയാനില്ല. സഹപ്രവർത്തകരോട് നന്ദി പറയാനുള്ള അവസരം പോലും തനിക്ക് ലഭിച്ചില്ലെന്നും പ്രേംകുമാർ , പറഞ്ഞു.
‘വീട്ടിൽ സ്ഥിരമായി ജോലിക്കുവരുന്ന ഒരാൾ ഇനി വരേണ്ട എന്ന് തിരുമാനിച്ചാൽ തലേ ദിവസം മാന്യമായി പറയും. കൂലി ബാക്കിയുണ്ടെങ്കിൽ വാങ്ങിക്കണം. എന്തെങ്കിലും സാധനം വെച്ചിട്ടുണ്ടെങ്കിൽ അത് എടുത്തുകൊണ്ട് പോവണം എന്നും പറയും. അതൊരു സാമാന്യമര്യാദയാണ്. ആ മര്യാദ എന്റെ കാര്യത്തിൽ കണ്ടില്ല. പിന്നീട് നടന്ന സാംസ്‌കാരിക സംഗമത്തെക്കുറിച്ചുപോലും അറിയിപ്പോ ക്ഷണമോ ലഭിച്ചില്ല. സച്ചിദാനന്ദൻ മാഷുമായി താരതമ്യംചെയ്യാൻ ഞാൻ ഒന്നുമില്ല. പക്ഷേ, കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് സാംസ്‌കാരിക സ്ഥാപനങ്ങളാണ് സാഹിത്യ അക്കാദമിയും ചലച്ചിത്ര അക്കാദമിയും. അവിടെ ഒരാളോട്, ഇങ്ങനെയൊരു പ്രതികരണത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നു. അപ്പോൾ മാഷിന് എനിക്കില്ലാത്ത എന്തോ അത്ഭുതസിദ്ധിയുണ്ടെന്ന് എനിക്ക് തോന്നി. അദ്ദേഹം ഇപ്പോഴും ആ സ്ഥാനത്തു തുടരുകയാണ്. അദ്ദേഹം തുടരുന്നതിൽ എനിക്ക് അഭിപ്രായമൊന്നുമില്ല. അദ്ദേഹത്തിന്റെ പ്രസ്താവനകളെക്കുറിച്ചുള്ള പ്രതികരണവുമല്ല ഇത്. നീതിനിഷേധമുണ്ടായതായും പ്രേംകുമാർ കൂട്ടിച്ചേർത്തു.
