Crime
ആറ് വയസുകാരിക്ക് വിഷംകൊടുത്ത് പിതാവ് ആത്മഹത്യചെയ്തു; പീഡനത്തിനിരയായെന്ന് റിപ്പോർട്ട്
ആറ് വയസുകാരിക്ക് വിഷംകൊടുത്ത് പിതാവ് ആത്മഹത്യചെയ്തു; പീഡനത്തിനിരയായെന്ന് റിപ്പോർട്ട്
കൊച്ചി: എളമക്കരയിൽ പിതാവ് ആറു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത സംഭവത്തിൽ മകൾ പീഡിപ്പിക്കപ്പെട്ടതായി വിവരം. ഇക്കഴിഞ്ഞ ജനുവരി 16-നാണ് പിതാവ് തന്റെ ആറുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണമാണ് ആത്മഹത്യ ചെയ്തതെന്നായിരുന്നു പോലീസ് നിഗമനം. എന്നാൽ കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് പീഡന വിവരം വ്യക്തമായത്.
പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിഷം ഉള്ളിൽ ചെന്നാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്ന് വ്യക്തമായിരുന്നു. എന്നാൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവുകൾ കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ വിശദമായ പോസ്റ്റ്മോർട്ടത്തിലാണ് പീഡന വിവരം പുറത്തുവന്നത്. കുട്ടി മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പും പീഡനത്തിനിരയായതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്.
ആലപ്പുഴ സ്വദേശികളായ കുടുംബം എറണാകുളം എളമക്കരയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമ്മയ്ക്ക് പീഡനവിവരത്തെക്കുറിച്ച് അറിയില്ലെന്നാണ് പോലീസിന് നൽകിയിരിക്കുന്ന മൊഴി.
സംഭവത്തിൽ എളമക്കര പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരാണ് കുട്ടിയെ ഉപദ്രവിച്ചതെന്നും മറ്റുമുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്’ പ്രതിയെക്കുറിച്ച് പോലീസിന് സൂചനകൾ ലഭിച്ചതായാണ് വിവരം.
