KERALA
സില്‍വര്‍ലൈനിനെതിരെ പ്രതിപക്ഷം ഗൂഢപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് കോടിയേരി

തിരുവനന്തപുരം : സില്‍വര്‍ലൈനിനെതിരെ പ്രതിപക്ഷം ഗൂഢപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹൈസ്പീഡ് പദ്ധതി പ്രഖ്യാപിച്ച യുഡിഎഫ് സില്‍വര്‍ലൈനിനെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണെന്നും ദേശാഭിമാനിയിൽഎഴുതിയ ലേഖനത്തില്‍ കോടിയേരി വിമര്‍ശിക്കുന്നു.
ലൈഫ് പദ്ധതിയെ പൊളിക്കാനും സൗജന്യ കിറ്റ് വിതരണത്തെ അവഹേളിക്കാനും ഇറങ്ങി കൈപൊള്ളിയ പ്രതിപക്ഷം സിൽവർലൈൻ പദ്ധതിയുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് എൽഡിഎഫ് സർക്കാരിനെ ഒറ്റപ്പെടുത്താനും പ്രതിസന്ധിയിലാക്കാനും വൻ ഗൂഢപ്രവർത്തനങ്ങളും പ്രചാരണങ്ങളും നടത്തുകയാണ്. ഇംഎംഎസ് സർക്കാരിനെ വീഴ്ത്താൻ വിമോചനസമരം നടത്തിയ മാതൃകയിൽ എൽഡിഎഫ് സർക്കാരിനെതിരെ വിമോചനസമരം നടത്താൻ കോൺഗ്രസ് മുതൽ ബിജെപി വരെയും ആർഎസ്എസ് മുതൽ ജമാഅത്തെ ഇസ്ലാമി വരെയും കൈകോർക്കുകയാണ്. ഈ പ്രതിലോമ രാഷ്ട്രീയ കൂട്ടുകെട്ടിനെ പരാജയപ്പെടുത്താൻ കേരള ജനതയെ പ്രബുദ്ധരാക്കി രംഗത്തിറക്കണം. ഇക്കാര്യത്തിൽ പ്രത്യേക ക്യാമ്പയിൻ എൽഡിഎഫ് സർക്കാരിനൊപ്പം സിപിഎമ്മും നടത്തുമെന്നും കോടിയേരി ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
വിശദ പദ്ധതിരേഖ ആവശ്യപ്പെടുന്ന പ്രതിപക്ഷം അങ്ങനെയെങ്കിൽ ആ രേഖ വരുംമുമ്പേ എന്തിനാണ് കാര്യമറിയാതെ പദ്ധതിയെ തള്ളിപ്പറയുന്നത്. ഇടതുപക്ഷം ഭരിക്കുമ്പോൾ കേരളം അത്രമേൽ വളരേണ്ട എന്ന മനോഭാവത്തിലാണ് മോദി ഭരണം. അതുകൊണ്ടാണ്, സിൽവർലൈൻ പദ്ധതിയെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോൾ ചുവടുമാറ്റിയിരിക്കുന്നത്. കേന്ദ്രം യുപിയിൽ ഉൾപ്പെടെ നടപ്പാക്കുന്ന അതിവേഗ റെയിൽ പദ്ധതികൾക്കെതിരെ രാഹുലോ പ്രിയങ്കയോ കോൺഗ്രസ് നേതാക്കളോ ഒരു സത്യഗ്രഹവും നടത്തുന്നില്ലെന്നും കോടിയേരി പറഞ്ഞു.