KERALA
വീട്ടിനുള്ളിൽ നടന്ന കാര്യങ്ങളിൽ പുറത്തുള്ളവർക്ക് എന്ത് കാര്യമെന്ന് മന്ത്രി
കൊച്ചി: ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ മറ്റൊരു സ്ത്രീയോടൊപ്പം കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ഭാര്യ തന്നെ കണ്ടെന്ന വിവാദത്തിൽ വിശദീകരണവുമായി രംഗത്തെത്തി. സംഭവത്തെ മന്ത്രി നിഷേധിച്ചില്ല. പകരം, വീട്ടിനുള്ളിൽ നടന്ന കാര്യങ്ങളിൽ പുറത്തുള്ളവർക്ക് എന്ത് കാര്യമെന്ന നിലപാടാണ് സ്വീകരിച്ചത്.
അവിഹിതബന്ധത്തെ പ്രണയവുമായി ബന്ധിപ്പിച്ച് ന്യായീകരിക്കാനാണ് മന്ത്രി ശ്രമിച്ചത്. മാധവിക്കുട്ടിക്കും പുനത്തിൽ കുഞ്ഞബ്ദുള്ളക്കും ഉണ്ടായിരുന്നുപോലെ പ്രണയം തനിക്കുമുണ്ടെന്ന് ഗണേഷ് കുമാർ പറഞ്ഞു. ജവഹർലാൽ നെഹ്റുവിനും എം. ടി. വാസുദേവൻ നായർക്കും അത്തരം പ്രണയം ഉണ്ടായിരുന്നുവെന്നും പ്രണയം ഒരു കുറ്റമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വീട്ടിലെത്തിയപ്പോൾ മറ്റൊരു യുവതിയോടൊപ്പം മന്ത്രിയെ കണ്ടതിനെ തുടർന്ന് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ഭാര്യ ശ്രമിച്ചതായാണ് ആരോപണം. ഇതിനെ തുടർന്ന് മന്ത്രിയുടെ സഹായികളോട് പറഞ്ഞ് അവരെ മുറിയിൽ തടഞ്ഞുവെച്ചുവെന്നും, ചിത്രങ്ങൾ എടുത്ത മൊബൈൽ ഫോൺ ബലമായി പിടിച്ചെടുക്കാൻ ശ്രമിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഗണേഷ് കുമാറിന്റെയും സഹായികളുടെയും പിടിയിൽപ്പെടാതെ രക്ഷപ്പെടാനായി ഭാര്യ പൊലീസിന്റെ സഹായം തേടിയെങ്കിലും ഉടൻ സഹായം ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ഭർത്താവിന്റെ സഹോദരിയാണ് ഗണേഷ് കുമാറിന്റെ ഭാര്യ. സംഭവത്തിന് പിന്നാലെ അവർ ശ്രീലേഖയെ ഫോണിൽ ബന്ധപ്പെട്ടു. സുരക്ഷയ്‌ക്കായി സർക്കാർ ഒരുക്കിയ 112 ടോൾഫ്രീ നമ്പറിൽ വിളിച്ച് സഹായം തേടാനാണ് ശ്രീലേഖ നിർദ്ദേശിച്ചതെന്ന് അവർ വ്യക്തമാക്കി
