NATIONAL
സഖ്യകക്ഷിയായി ബിജെപിക്കൊപ്പം നിന്ന ശിവസേന 25 വർഷം പാഴാക്കിയെന്നു ഉദ്ധവ് താക്കറെ

മുംബൈ:അകാലിദളും ശിവസേനയും പോലുള്ള പഴയ ഘടകകക്ഷികൾ ഇതിനകം പുറത്തുപോയതിനാൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം ചുരുങ്ങിപ്പോയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. സഖ്യകക്ഷിയായി ബിജെപിക്കൊപ്പം ശിവസേന 25 വർഷം പാഴാക്കിയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി സ്ഥാപകനും പിതാവുമായ ബാൽ താക്കറെയുടെ 96-ാം ജന്മവാർഷികത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഉദ്ധവ് താക്കറെ.
ബിജെപി ഹിന്ദുത്വത്തെ രാഷ്ട്രീയ സൗകര്യത്തിനായി ഉപയോഗിക്കുകമാണ്. ദേശീയ തലത്തിൽ ശിവസേനയെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കും. അധികാരത്തിനുവേണ്ടി ശിവസേന ഒരിക്കലും ഹിന്ദുത്വത്തെ ഉപയോഗിച്ചിട്ടില്ല. ശിവസേന ബിജെപിയെയാണ് വേണ്ടെന്നുവച്ചത്, ഹിന്ദുത്വത്തെ അല്ല. ബിജെപിയുടെ അവസരവാദ ഹിന്ദുത്വം അധികാരത്തിനു വേണ്ടി മാത്രമുള്ളതാണെന്നാണ് വിശ്വസിക്കുന്നു. ബിജെപി അവരുടെ രാഷ്ട്രീയ സൗകര്യത്തിനനുസരിച്ച് സഖ്യകക്ഷികളെ ഉപയോഗിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നുവെന്നും താക്കറെ കുറ്റപ്പെടുത്തി.