Entertainment
കെ പി എ സി ലളിതക്ക് പ്രമുഖരുടെ പ്രണാമം

:
എറണാകുളം :കെ പി എ സി ലളിതയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ച് മോഹൻലാൽ. നഷ്ടപ്പെട്ടത് സ്വന്തം ചേച്ചിയേയാണെന്ന് അദ്ദേഹം പറഞ്ഞു. സുഖമില്ലാതിരുന്ന സമയത്ത് ലളിത ചേച്ചിയെ കാണാൻ സാധിച്ചില്ലെന്നും, ഫോണിൽ സംസാരിച്ചിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
‘സിനിമ എന്നതിലുപരി ഒരുപാട് ഓർമകൾ ഉണ്ടായിരുന്നു. സ്വന്തം ചേച്ചിയായിരുന്നു…അമ്മ മഴക്കാറിന് കണ്ണ് നിറഞ്ഞു എന്ന ഗാനമാണ് എന്റെ മനസിൽ. വളരെ കുറച്ച് സിനിമകളിലേ ഞാനും ചേച്ചിയും അമ്മയും മകനുമായി അഭിനയിച്ചിട്ടുള്ളൂ. പക്ഷേ ഒരുപാട് നല്ല സിനിമകൾ ഒന്നിച്ച് ചെയ്തിട്ടുണ്ട്.’- മോഹൻലാൽ കൂട്ടിച്ചേർത്തു.
.സുരേഷ് ഗോപിയും കെ.പി.എ.സി ലളിതക്ക് ആദരാഞ്ജലി അർപ്പിച്ചു. ‘ എന്നും ഓർത്തിരിക്കാൻ ഒരുപാട് വേഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച മലയാളത്തിന്റെ സ്വന്തം ലളിത ചേച്ചിക്ക് ആദരാഞ്ജലികൾ.’- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അതുല്യ നടിയെയാണ് നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചിച്ചു. ഏറ്റവും വ്യത്യസ്തയായ അഭിനയ പ്രതിഭയായിരുന്നു കെ പി എ സി ലളിതയെന്ന് നടൻ രൺജി പണിക്കർ പറഞ്ഞു.
ഇന്നലെ രാത്രി തൃപ്പൂണിത്തുറയിലെ വസതിയിലായിരുന്നു കെ പി എ സി ലളിതയുടെ അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.