KERALA
പേരാവൂരിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: കനത്ത മലവെള്ളപാച്ചിലിനിടെ പേരാവൂരിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. നിടുംപുറംചാലിൽ കൊളക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്സ് ചെങ്ങന്നൂർ സ്വദേശിനി നദീറയുടെ മകൾ രണ്ടരവയസ്സുകാരി നുമ തസ്‍ലിന്റെ മൃതദേഹമാണ് ഇന്ന് കാലത്ത് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടിയെ കാണാതായത്. എൻ.ഡി.ആർ.എഫ്. സംഘങ്ങളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് രാവിലെയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
വെള്ളത്തിന്റെ ഇരമ്പൽ കേട്ട് കുഞ്ഞുമായി വീടിനു പിൻഭാഗത്തേക്ക് വന്ന ഇരുവരും ഒഴുക്കിൽ പെടുകയായിരുന്നു. നദീറയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ട് ഒഴുകിപ്പോയി. നദീറയെയും സമീപത്തെ മറ്റൊരു കുടുംബത്തെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. നെടുംപുറംചാലിൽ ഒഴുക്കിൽപ്പെട്ട രണ്ട് സ്ത്രീകളെയും രക്ഷപ്പെടുത്തി.
കണിച്ചാറിലെ പൂളക്കുറ്റി, വെള്ളറ, കോളയാട് പഞ്ചായത്തിലെ ചെക്കേരി, പൂളക്കുണ്ട്, കേളകത്തെ വെള്ളൂന്നി എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. കാഞ്ഞിരപ്പുഴ തീരത്ത് വ്യാപകനാശമുണ്ടായി. വെള്ളറയിൽ മണ്ണാലി ചന്ദ്രനെ (55) കാണാതായി. ഇദ്ദേഹത്തിന്റെ വീട് പൂർണമായി തകർന്നു. വെള്ളറയിൽ കാണാതായ ചന്ദ്രന്റെ മകൻ റിവിനെയും കാണാതായെങ്കിലും രാത്രി വൈകി കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാവൂർ തെറ്റുവഴിയിലെ അഗതിമന്ദിരമായ കൃപാഭവന്റെ ഒരുകെട്ടിടം പൂർണമായും വെള്ളത്തിനടിയിലായി. ഇവിടെ നിർത്തിയിട്ടിരുന്ന ആംബുലൻസ് അടക്കമുള്ള അഞ്ച് വാഹനങ്ങൾ ഒഴുകിപ്പോയി.