KERALA
ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികൻ മരിച്ച സംഭവത്തിൽ ഹെെക്കോടതി ഇടപെടൽ

കൊച്ചി: അങ്കമാലിക്കടുത്ത് അത്താണിയിൽ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികൻ മരിച്ച സംഭവത്തിൽ ഹെെക്കോടതി
ഇടപെട്ടു.. റോഡിലെ കുഴികളടയ്‌ക്കാൻ കോടതി കർശന നിർദേശം നൽകി. എൻ.എച്ച്.എ.ഐ റീജിയണൽ ഓഫീസർക്കും പ്രോജക്‌ട് ഡയറക്‌ടർക്കുമാണ് അമികസ്‌ക്യൂറി മുഖേന നിർദേശം നൽകിയത്.
വെള്ളിയാഴ്‌ച രാത്രിയോടെയാണ് സ്‌കൂട്ടര്‍ യാത്രികനായ ഹോട്ടലുടമ അപകടത്തിൽപ്പെട്ടത്. പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ.എ ഹാഷിമാണ് (52) മരിച്ചത്.അങ്കമാലി ടെൽക്ക് കവലയിലെ ‘ഹോട്ടൽ ബദ്രിയ്യ’യുടെ ഉടമയാണ്. സ്‌കൂട്ടര്‍ കുഴിയില്‍ വീണതിന് പിന്നാലെ റോഡിന് എതിര്‍വശത്തേക്ക് തെറിച്ച് വീണ ഹാഷിമിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.അങ്കമാലി – ഇടപ്പള്ളി റോഡിലെ നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്കൂളിന് സമീപം രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. കനത്ത മഴയിൽ വെള്ളം കെട്ടികിടന്നതിനാൽ കുഴി കാണാനാകാത്ത അവസ്ഥയിലായിരുന്നു. ഹാഷിം സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടിരുന്നു.