KERALA
ഗവർണറുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് കോടിയേരി

തിരുവനന്തപുരം:ഓർഡിനൻസ് ബില്ലുകൾ ഒപ്പിടാതെ തിരിച്ചയച്ച ഗവർണറുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ബോധപൂർവമായ കൈവിട്ട കളിയാണിതെന്നും, ഇത്തരത്തിൽ മുന്നോട്ടുപോയാൽ നേരിടാൻ സർക്കാരിന് ഭരണഘടനാപരമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വാർത്താ സമ്മേളനത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.
‘കേരളത്തിൽ ഗവർണറെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെതിരായുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഇതുവരെയുള്ളതിൽ നിന്നും കുറച്ചുകൂടി കാഠിന്യം അതിന് കൂടിയിട്ടുണ്ട്. ഗവർണർ സാധരണഗതിയിൽ ഇടപെടാൻ പാടില്ലാത്ത തരത്തിലുള്ള ഇടപെടലാണ് നടത്തുന്നത്. അദ്ദേഹത്തിന്റെ നിലപാടുകൾ ജനാധിപത്യ വിരുദ്ധമാണ്. സംസ്ഥാന സർക്കാരും ഗവർണറും ഒരുമിച്ചു പോകേണ്ടുന്ന ഭരണഘടന സ്ഥാപനങ്ങളാണ്. പക്ഷേ അങ്ങനെയല്ല ഗവർണർ പ്രവർത്തിക്കുന്നത്. ജനാധിപത്യ പ്രക്രിയയെ ദുർബലമാക്കുകയാണിത്. ഗവർണർ പരസ്യമായി സ്വീകരിക്കുന്ന പല നിലപാടിനോടും പാർട്ടി പ്രതികരിച്ചിട്ടില്ല. പക്ഷേ ഇത്, ബോധപൂർവമായ കൈവിട്ട കളിയാണെന്ന് തോന്നുന്നു.ഇപ്പോൾ ഓർഡിനൻസ് തർക്കമാണ് വന്നിരിക്കുന്നത്. ഇതിൽ പബ്ളിക് ഹെൽത്ത് ബിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. നമ്മുടെ മെഡിക്കൽ മേഖലയ‌്ക്കാകെ വലിയ മാറ്റം വരുത്തുന്ന ബില്ലാണത്. അതും തടസപ്പെടുത്തി. പോകുമ്പോൾ എല്ലാം കൂടി പോട്ടെ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഗവർണർക്ക് സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ള ബാധ്യതയുണ്ട്. പക്ഷേ ഇപ്പോഴത്തേത് ദുരൂഹമാണ്. അതിനെ നേരിടാൻ സർക്കാരിന് ഭരണഘടനാപരമായി മുന്നോട്ടു പോകേണ്ടി വരും’- കോടിയേരി പറഞ്ഞു.
പി.ജയരാജൻ വാവ് ബലിയുമായ് ബന്ധപ്പെട്ട് ഫെയ്ബുക്കിലിട്ട പോസ്റ്റിൽ പാർട്ടി നിലപാടിന് വിരുദ്ധമായി രണ്ട് കാര്യങ്ങൾ ഉണ്ടായെന്നും അദ്ദേഹം തന്നെ അത് തിരുത്തിയെന്നും കോടിയേരി പറഞ്ഞു.