NATIONAL
തെറ്റായ ഭക്ഷണം കഴിച്ചാല്‍ അത് നിങ്ങളെ തെറ്റായ വഴിയിലേക്ക് നയിക്കുമെന്ന് മോഹന്‍ ഭാഗവത്.

നാഗ്പൂര്‍ : മാംസാഹാരം കഴിക്കുന്നവരെ ഉപദേശിച്ച് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്. തെറ്റായ ഭക്ഷണം കഴിച്ചാല്‍ അത് നിങ്ങളെ തെറ്റായ വഴിയിലേക്ക് നയിക്കുമെന്നാണ് മുന്നറിയിപ്പ്.ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കവേയാണ് നോണ്‍ വെജ് ആഹാരങ്ങളെ കുറിച്ച് മോഹന്‍ ഭാഗവത് തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്.
ഇന്ത്യയിലും പാശ്ചാത്യ രാജ്യങ്ങളിലും മാംസാഹാരം കഴിക്കുന്നവര്‍ തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ മറ്റുഭാഗങ്ങളിലുള്ളവരെ പോലെ മാംസാഹാരം കഴിക്കുന്നവര്‍ ഇന്ത്യയിലുണ്ടെങ്കിലും അവര്‍ ചില നിയമങ്ങള്‍ പാലിക്കാറുണ്ട്. ‘ഇവിടെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന ആളുകള്‍ ശ്രാവണ മാസം മുഴുവന്‍ ഇത് കഴിക്കില്ല. തിങ്കള്‍, ചൊവ്വ, വ്യാഴം അല്ലെങ്കില്‍ ശനി ദിവസങ്ങളില്‍ അവര്‍ അത് കഴിക്കില്ല. അവര്‍ ചില നിയമങ്ങള്‍ സ്വയം അടിച്ചേല്‍പ്പിക്കുന്നു,’ ഭഗവത് പറഞ്ഞു. രാജ്യം നവരാത്രി ഉത്സവങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.
അക്രമം നിറഞ്ഞ ഭക്ഷണം കഴിക്കരുതെന്നും അദ്ദേഹം ഉപദേശിച്ചു. ശ്രീലങ്കയെയും മാലിദ്വീപിനെയും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വിവരിച്ചത്. മറ്റ് രാജ്യങ്ങള്‍ ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ ശ്രീലങ്കയെയും മാലിദ്വീപിനെയും ദുരിതത്തിലായപ്പോള്‍ സഹായിച്ചത് ഇന്ത്യ മാത്രമാണ്. കാരണം ‘ആത്മീയതയാണ് ഇന്ത്യയുടെ ആത്മാവ്. ഇന്ത്യ എന്താണ് ചെയ്യേണ്ടത്? നമ്മുടെ സ്വന്തം മാതൃകയിലൂടെ ഈ ആത്മീയതയുടെ അടിസ്ഥാനത്തില്‍ എങ്ങനെ ജീവിക്കാമെന്ന് എല്ലാവരോടും പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.