Connect with us

NATIONAL

മകരവിളക്ക് മഹോത്സവം;ശബരിമലയിലേക്ക് ഭക്തജന പ്രവാഹം; വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങിനും തിരക്ക്

Published

on

പത്തനംതിട്ട: മകരവിളക്ക് മഹോത്സവകാലം ആരംഭിച്ചതോടെ ശബരിമലയിലേക്കുള്ള തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ചു. വെര്‍ച്ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ്ങുകള്‍ക്ക് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. മകരവിളക്ക് വരെ എല്ലാദിവസവും ഒരു ലക്ഷത്തോളം പേര്‍ എത്തുമെന്നാണ് പ്രതീക്ഷ.
ജനുവരി ഒന്നു മുതല്‍ എട്ട് വരെയുള്ള വെര്‍ച്ചല്‍ ക്യൂ ബുക്കിങ്ങ് നൂറ് ശതമാനം പൂര്‍ത്തിയായി. മകരവിളക്ക് ദിനത്തില്‍ ദര്‍ശനം നടത്താന്‍ ബുക്ക് ചെയ്തവരുടെ എണ്ണം തൊണ്ണൂറായിരത്തിന് അടുത്തെത്തി. എന്നാല്‍ മകരവിളക്കിന് ശേഷമുള്ള മൂന്ന് ദിവസം നിലവില്‍ ബുക്കിങ്ങ് കുറവാണ്. വെര്‍ച്ച്വല്‍ ക്യൂവിലൂടെ പരമാവധി തൊണ്ണൂറായിരം പേര്‍ക്കാണ് ഒരു ദിവസം ദര്‍ശനം നടത്താനാകുക.
സ്‌പോട്ട് ബുക്കിങ്ങിലൂടെ പതിനായിരത്തോളം പേര്‍ സന്നിധാനത്ത് എത്തുന്നുണ്ട്. പുല്‍മേട് വഴി ശരാശരി ഒരു ദിവസം 1500 മുതല്‍ 2000 പേര്‍ വരെയാണ് ദര്‍ശനത്തിന് വരുന്നത്.വൈകിട്ട് 4 മണി വരെയാണ് പുല്‍മേട്ടിലേക്ക് ഭക്തരെ പ്രവേശിപ്പിക്കുക.
വെള്ളിയാഴ്ച നാല്‍പ്പത്താറായിരം പേരും ശനിയാഴ്ച വൈകീട്ട് 6 മണിവരെ 65922 പേരും ദര്‍ശനം നടത്തി. ജനുവരി ഒന്ന് മുതല്‍ 19 വരെ 12,42,304 പേരാണ് വെര്‍ച്ചല്‍ ക്യൂ വഴി ബുക്ക് ചെയ്തത്. 4,67,696 സ്‌പോട്ടാണ് ഇനി ബാക്കിയുള്ളത്.മരക്കൂട്ടത്തിന് താഴേക്ക് വരി നീളാതിരിക്കാനാണ് പൊലീസ് പരിശ്രമിക്കുന്നത്.
തിരക്ക് ഒഴിവാക്കാന്‍ മണിക്കൂറില്‍ ശരാശരി 4500 പേരെ പതിനെട്ടാംപടി കയറ്റിവിടുന്നുണ്ട്. നടപ്പന്തലില്‍ കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും അംഗപരിമിതര്‍ക്കുമായി ഒരുക്കിയ പ്രത്യേക വരി നിരവധിപ്പേര്‍ക്ക് ആശ്വാസമാണ്. മണ്ഡലകാലത്തേക്കാള്‍ കൂടുതല്‍ തീര്‍ഥാടകര്‍ മകരകവിളക്ക് കാലത്ത് എത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ.

Continue Reading