KERALA
പി.ടി.ഏഴാമനെ കുങ്കിയാക്കാനുള്ള പരിശീലനം ഉടൻ ആരംഭിക്കും. ഏഴുമാസമായി ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്നു

പാക്കാട് :പാലക്കാട് ധോണിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തിയ ഒറ്റയാൻ പി.ടി.ഏഴാമനെ (പാലക്കാട് ടസ്കർ 7) കുങ്കിയാനയാക്കുമെന്ന് ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ അരുൺ സഖറിയ പറഞ്ഞു. കുങ്കിയാക്കാനുള്ള പരിശീലനം ഉടൻ ആരംഭിക്കും. പി.ടി.ഏഴാമനെ പിടികൂടാനുള്ള ‘മിഷൻ പി.ടി.7’ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും അരുൺ സഖറിയ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏഴുമാസമായി ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്നു പി.ടി.ഏഴാമൻ. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിന് പ്രഭാതസവാരിക്കിറങ്ങിയ പ്രദേശവാസി ശിവരാമനെ കൊലപ്പെടുത്തിയ ആന, നിരവധി കൃഷിയിടങ്ങള്‍ തകര്‍ത്തിരുന്നു.
അതേസമയം, പി.ടി.ഏഴാമന് വനംവകുപ്പ് ‘ധോണി’ എന്ന് പേരിട്ടു. ധോണി ഗ്രാമത്തെ അത്രമേൽ അറിയുന്ന പി.ടി.ഏഴാമന് അനുയോജ്യമായ പേരാണ് ‘ധോണി’ എന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. പി.ടി.7 ദൗത്യത്തോടെയാണ് ധോണി എന്ന സ്ഥലം പ്രശസ്തമായത്. പി.ടി.ഏഴാമനെ വനംവകുപ്പിന്റെ സ്വത്തായി സംരക്ഷിക്കുമെന്നും മന്ത്രി അറിയിച്ചു. പി.ടി.7 ദൗത്യത്തിന്റെ ഭാഗമായ എല്ലാവരെയും അഭിനന്ദിച്ച മന്ത്രി, പി.ടി.ഏഴാമന് ഒപ്പമുണ്ടായിരുന്ന മറ്റു ആനകളെ നിരീക്ഷിക്കുമെന്നും അറിയിച്ചു.